
ലഖ്നൗ: രാഹുൽ ഗാന്ധി പങ്കെടുത്ത ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുൽകിത് മണിക്ക് ഭീഷണിയെന്ന് പരാതി. ഉത്തർപ്രദേശിൽ നടത്താനിരുന്ന തന്റെ മൂന്ന് ഷോകൾ റദ്ദാക്കിയതായി പുൽകിത് അറിയിച്ചു. ഇൻഡോറിൽ വെച്ച് നടന്ന പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയെ അനുകരിച്ച് പുൽകിത് രംഗത്തെത്തിയത്. നോയിഡ, ലഖ്നൗ, കാണ്‍പൂർ എന്നിവിടങ്ങളിലെ ഷോകളാണ് റദ്ദാക്കിയത്.
അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലമാണ് ഷോകൾ റദ്ദാക്കുന്നതെന്നും ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രിയെ അനുകരിച്ച വിഷയത്തില്‍ തുടര്‍ച്ചയായി ഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഷോകള്‍ റദ്ദാക്കിയതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം, സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. കോൺഗ്രസ് ഒരു സർക്കസായി മാറിയെന്നും പ്രധാനമന്ത്രിയുടെ പേര് വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചു. കോൺഗ്രസ് കൊമേഡിയൻമാരുടെ പാർട്ടിയായി മാറിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും പരിഹസിച്ചു.
