തിരുവനന്തപുരം: നീറ്റ് വിവാദത്തിൽ ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന ജെൻ സി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ് രംഗത്ത്.
“മൃഗങ്ങൾക്ക് പോലും ഇതിലും നല്ല സംസ്കാരം കാണിക്കാനാകും” എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് മാധവ് സുരേഷ് ടി.ജി. മോഹൻദാസിനെ വിമർശിച്ചത്. ഇത്തരമൊരു പരാമർശം നടത്തിയ വ്യക്തിയുടെ മാനസികാവസ്ഥ പരിശോധിക്കണമെന്നും നിയമനടപടി സ്വീകരിച്ച് ജയിലിലാക്കണമെന്നും മാധവ് ആവശ്യപ്പെട്ടു.
അതേസമയം,ടി.ജി. മോഹൻദാസിനെതിരെ എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. എസ്എഫ്ഐയും പൊലീസിൽ പരാതി നൽകിയിരുന്നു.
ടി.ജി. മോഹൻദാസിന്റെ പരാമർശം വിവാദമായതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ പ്രസ്താവന ആർഎസ്എസിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് സംഘടന വ്യക്തമാക്കി. ടി.ജി. മോഹൻദാസ് നടത്തിയ പരാമർശം വ്യക്തിപരമായ അഭിപ്രായമാണെന്നും ആർഎസ്എസ് വിശദീകരിച്ചു.
