Your Image Description Your Image Description

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി. സംഭവത്തെ തുടർന്ന് തീരപ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് അറിയിച്ചു. കൊര്‍ള തീരത്ത് നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടെത്തിയത് എന്നാണ് വിവരം.

പ്രാഥമിക അന്വേഷണത്തില്‍ ബോട്ടിൽ മറ്റൊരു രാജ്യത്തിന്റെ അടയാളമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. രേവ്ദണ്ട തീരത്ത് ബോട്ട് ഒഴുകി എത്തിയതായിരിക്കാം എന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റായ്ഗഡ് പോലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സംഘം, നേവി, തീരസുരക്ഷ സംഘം,ദ്രുതകര്‍മ സേന എന്നിവര്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ബോട്ടിന് അടുത്തേക്ക് എത്താനുള്ള ശ്രമം തടസപ്പെട്ടതായി റായ്ഗഡ് പോലീസ് സൂപ്രണ്ട് ആഞ്ചല്‍ ദലാള്‍ അറിയിച്ചു. ഒരു ബാർജ് ഉപയോഗിച്ച് ബോട്ടിനടുത്തേക്ക് അടുക്കാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ച് വരികയായിരുന്നു. പ്രദേശത്ത് വലിയൊരു പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും മുൻകരുതൽ നടപടിയായി ജില്ലയിലെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പരിശോധന ശക്തമാക്കാനൊരുങ്ങുകയാണ് കോസ്റ്റ് ​ഗാർഡ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts