Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ടു പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേര്‍ ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് നാലു പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. വീടുകളിലെ സന്ദര്‍ശനവും പനി സര്‍വൈലന്‍സും നടത്തി വരുന്നു. ഐസൊലേഷനിലുള്ളവരെ ഫോണില്‍ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ കൂടിയാല്‍ അത് മുന്നില്‍ കണ്ട് കൂടുതല്‍ ഐസിയു, ഐസൊലേഷന്‍ സൗകര്യങ്ങള്‍ ജില്ലകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.

അതെസമയം, നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കി. യുവതിയുടെ 7 വയസുകാരി മകള്‍ ഉള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് പനി ബാധിച്ചു. 3 പേര്‍ ഇതുവരെ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ഇവരില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിള്‍ ഫലം നെഗറ്റീവാണ്.

പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2 കുട്ടികള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 2 പേരുടേയും സാമ്പിള്‍ പരിശോധന ഫലം ഉടന്‍ ലഭിക്കും. 173 പേരാണ് രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. മുഴുവന്‍ പേരും ഹോം ക്വാറന്റൈനില്‍ തുടരുകയാണെന്നും കളക്ടര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts