Your Image Description Your Image Description

ഭർത്താവിന്റെ അച്ഛൻ ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. തമിഴ്നാട്ടിലെ രാമനാഥപുരത്താണ് സംഭവം. മുപ്പത്തിരണ്ടുകാരിയായ രഞ്ജിതയാണ് മരിച്ചത്. തീകൊളുത്തിയാണ് യുവതി ജീവനൊടുക്കിയത്. ​ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർതൃപിതാവ് തന്നോട് മോശമായി പെരുമാറിയെന്ന് ​ഗുരുകരമായി പൊള്ളലേറ്റ ശേഷം യുവതി ചിത്രീകരിച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

‘ഭർതൃപിതാവ് എന്നെ കെട്ടിപ്പിടിച്ചു. എനിക്കത് അംഗീകരിക്കാനാകുന്നില്ല. അതുകൊണ്ടാണ് ഞാൻ ആത്മഹത്യ ചെയ്യുന്നത്’– വീഡിയോയിൽ രഞ്ജിത പറയുന്നു. ഭർതൃപിതാവ് മോശമായി പെരുമാറുന്ന കാര്യം ഏഴാം ക്ലാസിൽ പഠിക്കുന്ന മകനോടും രഞ്ജിത പറഞ്ഞിരുന്നു. മറ്റൊരു വിഡിയോയിൽ രഞ്ജിതയുടെ മകനും ഈ ആരോപണങ്ങൾ ശരിവയ്ക്കുന്നുണ്ട്. ഭർതൃപിതാവിൽനിന്നുള്ള ലൈംഗികാതിക്രമത്തിനു പുറമേ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും നിരന്തരം രഞ്ജിതയെ പീഡിപ്പിച്ചിരുന്നതായി രഞ്ജിതയുടെ സഹോദരി അളഗസുന്ദരി പറഞ്ഞു.

‘13 വർഷമായി പീഡനം തുടരുകയായിരുന്നു. അവർ കൂടുതൽ ഭൂമിയും സ്വർണവും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. അവളുടെ ഭർതൃപിതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് അവൾ സൂചിപ്പിച്ചിട്ടുണ്ട്. ഭർത്താവ് മദ്യപിച്ചു വന്ന് അവളെ മർദിക്കും. അവളെ വീട്ടിലേക്കു വരാൻ അവർ അനുവദിച്ചിരുന്നില്ല. വീട്ടിൽ വന്നാൽ തിരികെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി’–അളഗസുന്ദരി പറഞ്ഞു.

യുവതിയുടെ ശരീരത്തിൽ എഴുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മധുര രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രഞ്ജിത മരിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts