
ന്യൂഡൽഹി: ഇന്ത്യ വർഷങ്ങളായി തിരയുന്ന ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം പാകിസ്താനി രൂപ ഇനാം പ്രഖ്യാപിച്ച് പാകിസ്താൻ. എന്നാൽ ഈ പ്രഖ്യാപനത്തെ ഇന്ത്യ രൂക്ഷമായി തള്ളി. തട്ടിപ്പും ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ശ്രമവുമാണ് പാകിസ്താന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീകരർക്കെതിരെ പൊള്ളയായ പ്രഖ്യാപനങ്ങൾക്ക് പകരം വ്യക്തവും ശക്തവുമായ നടപടികളാണ് പാകിസ്താൻ സ്വീകരിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാകിസ്താന്റെ ഇത്തരം തന്ത്രങ്ങൾ പുതിയതല്ലെന്നും സമാനമായ നാടകങ്ങൾ മുൻപും കണ്ടിട്ടുണ്ടെന്നും ജയ്സ്വാൾ ആരോപിച്ചു. ഭീകരവാദത്തെ പോറ്റിവളർത്തുന്ന ഒരു രാഷ്ട്രം നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡുകളും അറസ്റ്റുകളും പോലുള്ള യഥാർഥ നടപടികൾ സ്വീകരിക്കുന്നതിന് പകരം പ്രയോജനമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും ഇന്ത്യ വിമർശിച്ചു. നേരത്തെ പാകിസ്താന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്’ പട്ടികയായ റെഡ്ബുക്കിലും മസൂദ് അസറിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു.
ഇനാം തുക 50 ലക്ഷത്തിൽ നിന്ന് 70 ലക്ഷം പാകിസ്താനി രൂപയായാണ് ഇപ്പോൾ ഉയർത്തിയത്. ഏകദേശം 24.09 ലക്ഷം ഇന്ത്യൻ രൂപയാണ് ഇത്. 2021ലാണ് അസറിനെ ആദ്യമായി എഫ്ഐഎ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഒക്ടോബർ 26 മുതൽ 30 വരെ പാരിസിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണ കേസുകളിൽ ഇന്ത്യ തിരയുന്ന പ്രധാന പ്രതിയാണ് മസൂദ് അസർ. 2008ലെ മുംബൈ 26/11 ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനോട് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട 20 ഭീകരരുടെ പട്ടികയിലും അസർ ഉൾപ്പെട്ടിരുന്നു.
അതേസമയം, മസൂദ് അസർ പാകിസ്താനിലില്ലെന്നും അഫ്ഗാനിസ്താനിൽ ഒളിവിലാണെന്നുമാണ് പാകിസ്താന്റെ വാദം. എന്നാൽ ഭീകരവാദത്തിനെതിരായ യഥാർഥ നടപടിക്ക് പകരം ഇനാം പ്രഖ്യാപിക്കുന്നത് വിശ്വാസ്യതയില്ലാത്ത നീക്കമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അസറിനെ പ്രതിയാക്കുന്ന കേസുകളും പാകിസ്താന്റെ നിലപാടുകളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് 70 ലക്ഷം പാകിസ്താനി രൂപയുടെ ഇനാം പ്രഖ്യാപനം പുറത്തുവന്നത്.
