
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള തുടർച്ചയായ സംഘർഷം മൂന്ന് പ്രധാന ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി പെറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സിന്റെ ( പി.ഐ.ഐ.ഇ) പുതിയ പഠന റിപ്പോർട്ട്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ അജണ്ടയുടെ ഭാഗമായി യു.എസിൽ പ്രഖ്യാപിച്ചിട്ടുള്ള ഏകദേശം നാല് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് ഇതോടെ കൂടുതൽ ദുഷ്കരമായേക്കും.
തിങ്കളാഴ്ച പുറത്തിറക്കിയ 15 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, പ്രതിരോധം, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാരം എന്നിവക്കായി കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നത് ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്. ഈ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയേക്കാൾ ഗൾഫ് രാജ്യങ്ങളെയാണ് കഠിനമായി ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധി 2026 ലെ ആഗോള വളർച്ചാ പ്രവചനം 0.3 ശതമാനം മാത്രമായി കുറച്ചപ്പോൾ, ഗൾഫ് രാജ്യങ്ങളിൽ ഇത് വളരെ വലുതാണ്. ഖത്തറിന്റെ വളർച്ചാ പ്രവചനം ഐ.എം.എഫ് 14.7 ശതമാനം കുറച്ച് 8.6 ശതമാനമാക്കിയപ്പോൾ, സൗദി അറേബ്യയുടേത് 4.5 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറച്ചു. യു.എഇയുടെ വളർച്ച പ്രവചനവും 5.6 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി താഴ്ന്നു.
