Home » Blog » Kerala » ബംഗാളിൽ കനത്ത പോളിങ്: ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന് ബിജെപി; റീപോളിങ്ങിന് സാധ്യത
22

കൊൽക്കത്ത: ബംഗാളിൽ കനത്ത പോളിങ്. വൈകുന്നേരം മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി. പൂർബ ബർധമാനിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഇവിടെ 66.8 ശതമാനം പേർ ഉച്ചവരെ വോട്ടു രേഖപ്പെടുത്തി. അതിനിടെ, വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളിൽ റീ പോളിങ് നടത്തിയേക്കുമെന്ന് ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാർ, തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും ഈ തീരുമാനമെന്ന് സിഇഒ മനോജ് അഗർവാൾ പറഞ്ഞു.

രണ്ടാം ഘട്ട പോളിങ് നടന്ന ചില മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപിയുടെ ചിഹ്നം കാണുന്ന സ്ഥലം ടേപ്പ് ഒട്ടിച്ച് മറച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ഇതു തെളിയിക്കുന്ന വിഡിയോ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പങ്കുവച്ചു. ഫൽട്ട മണ്ഡലത്തിലെ 144, 189 ബൂത്തുകളിൽ ഇങ്ങനെയാണെന്നായിരുന്നു മാളവ്യയുടെ ആരോപണം. ഇവിടെ റീപോൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിഡിയോ യഥാർഥമാണോയെന്ന് ഇതുവരെ കമ്മിഷൻ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ വിവിധതരത്തിലുള്ള 2196 പരാതികൾ കമ്മിഷന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബിജെപി ബലപ്രയോഗത്തിലൂടെ തിര‍ഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ പ്രവർത്തകർക്കെതിരെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്നും തെമ്മാടിത്തരമാണ് ബിജെപി കാണിക്കുന്നതെന്നും അവർ ആരോപിച്ചു. ജനാധിപത്യത്തിന്റെ ഉൽസവത്തെ ഇത്തരം അക്രമങ്ങളിലൂടെ ബിജെപി തകർക്കുകയാണെന്നും മമത പറഞ്ഞു. ബിജെപിയുടെ ആക്രമണത്തിൽ പരുക്കേറ്റ തൃണമൂൽ പ്രവർത്തകരുടെ വിഡിയോയും മമത മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു.

“രാത്രി എങ്ങനെയാണ് ഇവർ ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതെന്ന് നോക്കൂ. എന്തുതരം തെമ്മാടിത്തമാണ് നടക്കുന്നത്? തിരഞ്ഞെടുപ്പ് ഇങ്ങനെയല്ല നടക്കേണ്ടത്. അത് സമാധാനപരമായി വേണം. ഇത് ജനാധിപത്യത്തിന്റെ ഉൽസവമാണ്. പക്ഷേ അവർ അത് പൂർണമായി നശിപ്പിച്ചു. തിരഞ്ഞെടുപ്പിനെ ബലപ്രയോഗത്തിലൂടെ കൃത്രിമം കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഞങ്ങളുടെ പ്രവർത്തകരും ജനങ്ങളും മരിക്കാൻവരെ തയാറാണ്. പക്ഷേ അവർ ഇവിടംവിട്ടു പോവില്ല.” –മമത പറഞ്ഞു.