Home » Blog » Kerala » “പവർകട്ടില്ല, ഇപ്പോഴുള്ള പ്രശ്നം ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നത്; വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലേ പ്രതിസന്ധി മറികടക്കാനാകൂ”; കെ.കൃഷ്ണന്‍കുട്ടി
23

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പവര്‍കട്ടില്ലെന്നും ഇപ്പോള്‍ സംഭവിക്കുന്ന പ്രശ്‌നം ലോഡ് കൂടുമ്പോള്‍ ട്രിപ്പാകുന്നതാണെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ടെന്നും ജല വൈദ്യുത പദ്ധതികള്‍ എല്ലാം പരിസ്ഥിതിയുടെ പേരില്‍ തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് ഒരു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരും റഗുലേറ്ററി കമ്മിഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കാറ്റും മഴയും വന്നാല്‍ കറന്റ് പോകും. വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയില്‍ വന്ന മാറ്റമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതില്‍ റെഗുലേറ്ററി കമ്മിഷന്‍ കാലതാമസം ഉണ്ടാക്കിയെന്നും കമ്മിഷന്‍ നടപടി വൈകിയപ്പോള്‍ ബോര്‍ഡ് ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു.

“വൈദ്യുതി ഉപയോഗം കുടുതലായി വരുമ്പോള്‍ ട്രിപ്പ് ആകുന്നതാണ് ഇപ്പോഴുള്ളത്. അത് അഞ്ചോ, പത്തോ മിനിറ്റോ ആണ്. ട്രിപ്പ് ആകുന്നത് ലോഡ് ഷെഡിങ് അല്ല. അത് തമ്മില്‍ വ്യത്യാസമുണ്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല. സാഹചര്യം നോക്കിയിട്ടേ അക്കാര്യം തീരുമാനിക്കൂ. ഇപ്പോള്‍ 280 മെഗാവാട്ട് വൈദ്യുതി കിട്ടിയിട്ടുണ്ട്. ഇനിയും കൂടുതല്‍ കിട്ടിയാല്‍ ഒരും പ്രശ്നവും വരില്ല. ഇന്നലെ രാത്രി മഴ പെയ്തു. ഇന്ന് കാലാവസ്ഥ അനുകൂലമാണ്. അങ്ങനെ വന്നാല്‍ വൈദ്യുതി വാങ്ങേണ്ടിവരില്ല.” – മന്ത്രി പറഞ്ഞു.

ഉഷ്ണതരംഗം ഇങ്ങനെയാകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ കുടുതല്‍ ഉള്ളതും തിരിച്ചടിയായി. വീടുകളില്‍ പാചകം വാതകം കിട്ടാതായപ്പോള്‍ എല്ലാവരും ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് മാറി. ഗള്‍ഫ് യുദ്ധം ആരെങ്കിലും പ്രതീക്ഷിച്ചോ? ആരെങ്കിലും ഇത്തരമൊരു വൈദ്യുതി പ്രതിസന്ധി പ്രതീക്ഷിച്ചോ?. നിലവിലെ സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. നാല് എസി ഉപയോഗിക്കുന്നത് ഒന്ന് ആക്കുക. ഇന്‍ഡെക്ഷന്‍ കുക്കര്‍ ഉപയോഗം കുറയ്ക്കുക. ഗ്രൈന്‍ഡറും വാഷിങ് മെഷീന്‍ ഉപയോഗം കുറച്ചാല്‍ ട്രിപ്പ് ആകുന്നത് കുറയുമെന്നും മന്ത്രി പറഞ്ഞു

ജല വൈദ്യുത പദ്ധതികള്‍ എല്ലാം പരിസ്ഥിതിയുടെ പേരില്‍ തടസ്സപ്പെടുത്തിയെന്നും മന്ത്രി ആരോപിച്ചു. കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് ചിലത് തടസ്സപ്പെടുത്തി. ഒന്നോ രണ്ടോ പേര്‍ ബാഗ് തൂക്കി വന്ന് പരിസ്ഥിതിവാദം പറഞ്ഞ് ചിലയിടങ്ങളില്‍ തടസം നിന്നു. അതിനെല്ലാം പിന്തുണയുമായി മാധ്യമങ്ങളും ഒപ്പം നിന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതിരപ്പിള്ളി പദ്ധതി നിര്‍ത്തി, പൂയംകുട്ടി പദ്ധതി നിര്‍ത്തി. മറ്റ് സംസ്ഥാനങ്ങളില്‍ അതില്ല. ഇടുക്കിയില്‍ ഒരു യൂണിറ്റ് വൈദ്യുതി വാങ്ങുന്നതിന് 35 പൈസയാണ് വരുന്നതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാകുമ്പോള്‍ 15 രൂപ വരെയാകും. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലേ പ്രതിസന്ധി മറികടക്കാനാകൂ. ഉത്പാദനം നടക്കണമെങ്കില്‍ പുതിയ പദ്ധതികള്‍ വരണം. ഒരു പ്രോജക്ടും വരാന്‍ സമ്മതിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നോ? എന്ന ചോദ്യത്തിന് അക്കാര്യങ്ങള്‍ റെഗുലേറ്ററി കമ്മിഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മറുപടി നല്‍കി. വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് കരുതിയിരുന്നതെന്നും അതിനാല്‍ തന്നോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി.