Home » Blog » Kerala » പോരാട്ടം കടുക്കുന്നു; രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ബംഗാളിൽ റെക്കോർഡ് പോളിംഗ്
electionn-680x450

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാജ്യം സാക്ഷ്യം വഹിച്ചത് റെക്കോർഡ് പോളിംഗിന്. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം 89.99 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞു. ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിൽ ഇത് 90 ശതമാനവും കടന്നു. മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപൂർ ഉൾപ്പെടെയുള്ള 142 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തിൽ രേഖപ്പെടുത്തിയ 93.19 ശതമാനമെന്ന റെക്കോർഡ് പോളിംഗ് ഇത്തവണയും ആവർത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഉടൻ പുറത്തുവരാനിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കായി മുന്നണികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

അതേസമയം, പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. സൗത്ത് 24 പർഗാനസിലും ഭവാനിപൂരിലും സംഘർഷമുണ്ടായപ്പോൾ, പൂർബ ബർധമാനിൽ ചാക്കിൽ നിറച്ച നിലയിൽ ബോംബുകൾ കണ്ടെടുത്തത് പരിഭ്രാന്തി പരത്തി. കേന്ദ്രസേന വോട്ടർമാരെ മർദിക്കുന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചപ്പോൾ, ബിജെപി ഏജന്റിന് നേരെ തോക്കുമായെത്തിയ സംഘം ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. വോട്ടെടുപ്പ് അവസാനിച്ചെങ്കിലും പലയിടങ്ങളിലും പോലീസും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റവും സംഘർഷാവസ്ഥയും തുടരുകയാണ്.