
പറവൂർ: പറവൂർ ഗവ. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിലായത് കാരണം മൃതദേഹം കുറഞ്ഞ ചെലവിൽ സൂക്ഷിക്കാനെത്തുന്നവർ ദുരിതത്തിൽ. പറവൂർ, വൈപ്പിൻ മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായിട്ടും പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതോടെയാണ് സംഭവം വിവാദമായത്.
ഫ്രീസറുകളെല്ലാം തകരാറിലായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ആശുപത്രിയിലുണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറിന് 15 വർഷം പഴക്കമുണ്ട്. കാലപ്പഴക്കവും മറ്റു പ്രശ്നങ്ങളും കാരണം അടിക്കടി കേടാവുന്നു. പലതവണ നന്നാക്കിയിട്ടും തകരാർ പരിഹരിക്കാനായില്ല.
നാല് വർഷം മാത്രമേ പഴക്കമുള്ളുവെങ്കിലും മൊബൈൽ ഫ്രീസറും തകരാറിലാണ്. 16ന് മരിച്ച പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹമാണ് ആശുപത്രിയിലെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചപ്പോൾ അഴുകിയ നിലയിലായത്. അസ്വഭാവിക മരണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ്മോർട്ടം ആവശ്യമായി വന്നതിനാൽ പിറ്റേന്ന് രാവിലെ എട്ടിന് മൃതദേഹം ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിടത്തെ സർജനാണ് മൃതദേഹം അഴുകിയ വിവരം ബന്ധുക്കളോട് പറഞ്ഞത്.
