Your Image Description Your Image Description

മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്ഫോമുകള്‍ പരിചയപ്പെടുത്താന്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആൻ്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തില്‍ അമ്പലപ്പുഴ ഗവ. മോ‍ഡൽ എച്ച് എസ് എസിൽ സംഘടിപ്പിച്ച ജില്ലയിലെ ഹൈസ്കൂള്‍ പ്രഥമാധ്യാപകർക്കുള്ള ശില്പശാലയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി.

 

കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തും ശിൽപശാലയിൽ പങ്കെടുത്തു. ജൂലൈ മാസം തന്നെ സംസ്ഥാനതലത്തിൽ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകി അക്കാദമിക് മോണിറ്ററിംഗിനും കുട്ടികളുടെ മെൻ്ററിംഗിനുമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം രക്ഷിതാക്കൾക്കുൾപ്പെടെ കാണുന്ന വിധം പൂർണമായും പ്രവർത്തനക്ഷമമാവുമെന്ന് അദ്ദേഹം പറഞ്ഞു.

 

അക്കാദമിക് മാസ്റ്റർ പ്ലാനുകള്‍ നടപ്പിലാക്കുന്നത് മോണിറ്റര്‍ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള സമഗ്രപ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു. ഇതിനായി താഴെത്തട്ട് മുതൽ മുകൾ തട്ടു വരെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് കൈറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന സമഗ്ര പ്ലസ് പോർട്ടലിലുള്ളത്. ‘സമഗ്രപ്ലസ്’ ( www.samagra.kite.kerala.gov.in ) പോർട്ടലിലൂടെ അധ്യാപകർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി സൂക്ഷിക്കാനും പ്രഥമാധ്യാപകർക്ക് സമർപ്പിക്കാനും കഴിയും. അതോടൊപ്പം ഈ പോർട്ടലിലുള്ള ഡിജിറ്റല്‍ റിസോഴ്സുകൾ ‘ലേണിംഗ് റൂം’ സംവിധാനം വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാവും.

നേരത്തെ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർ, ഐ ടി കോർഡിനേറ്റർമാർ, എസ്. ആർ. ജി കൺവീനർമാർ തുടങ്ങിയവർക്ക് കൈറ്റ് പരിശീലനം നൽകിയിരുന്നു.

 

ശില്പശാലയില്‍ ജില്ലയിലെ 192 ഹൈസ്കൂള്‍ പ്രഥമാധ്യാപകർ പങ്കെടുത്തു. ഇതിൻ്റെ തുടർച്ചയായി ഹൈസ്കൂൾ വിഭാഗം ഐടി കോർഡിനേറ്റർമാർക്കും എസ് ആർ ജി കൺവീനർമാർക്കും പരിശീലനം നൽകും. ഇവരാണ് സ്കൂളുകളിലെ മറ്റ് അധ്യാപകർക്ക് പരിശീലനം നൽകുക. ശിൽപശാലയ്ക്ക് കൈറ്റ് ജില്ലാ കോർഡിനേറ്റർ എം സുനിൽകുമാർ, മാസ്റ്റ‌ർ ട്രെയിനർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts