Home » Blog » kerala Max » പ്രതിപക്ഷ അംഗങ്ങൾ ആരും ഓടിപ്പോകരുതെന്ന് വിജയ്, ഓടിയത് മുഖ്യമന്ത്രിയെന്ന് ഉദയനിധി..!
cm-vijay

തമിഴ്നാട് നിയമസഭയിൽ ക്രമസമാധാന നിലയെച്ചൊല്ലിയുള്ള ചർച്ചയ്ക്കിടെ ഭരണപക്ഷമായ ടി.വി.കെയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് ടി.വി.കെ നിരന്തരം വിമർശനം ഉന്നയിക്കുന്നതിനെയാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദ്യംചെയ്തത്. അന്നത്തെ ഭരണകാലത്ത് ഇതേ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോഴത്തെ ടി.വി.കെ സർക്കാർ സ്ഥാനക്കയറ്റം നൽകിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പോക്സോ കേസുകളും കുറ്റകൃത്യങ്ങളും വർധിക്കുന്നതായും ഉദയനിധി ആരോപിച്ചു.

ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കാൻ മുൻ സർക്കാർ പ്രത്യേക സമിതികളും നിലവാരമുള്ള പ്രവർത്തനരീതികളും രൂപീകരിച്ചിരുന്നുവെന്നും ഉദയനിധി പറഞ്ഞു. മറീന ബീച്ചിലെ നീറ്റ് വിരുദ്ധ സമരങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ പ്രതിഷേധങ്ങളെയും വിദ്യാർഥി പ്രസ്ഥാനങ്ങളെയും സർക്കാർ അടിച്ചമർത്തുകയാണെന്നും രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വിജയ് വരുന്ന തിങ്കളാഴ്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകാമെന്ന് സ്പീക്കറെ അറിയിച്ചു.

“തിങ്കളാഴ്ച ആരും ഓടിപ്പോകരുത്”; തിരിച്ചടിച്ച് ഉദയനിധി

താൻ സഭയിൽ ഇല്ലാത്ത സമയത്താണെങ്കിലും ആരൊക്കെയാണ് ചോദ്യങ്ങൾ ഉന്നയിച്ചതെന്ന് തനിക്ക് വിവരം ലഭിക്കുമെന്നും അതെല്ലാം വിശദമായി മറുപടി നൽകുമെന്നും വിജയ് പറഞ്ഞു. തിങ്കളാഴ്ച പ്രതിപക്ഷ അംഗങ്ങൾ ആരും സഭയിൽനിന്ന് എഴുന്നേറ്റ് ഓടിപ്പോകില്ലെന്ന് സ്പീക്കർ ഉറപ്പാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ തിങ്കളാഴ്ച മറുപടി നൽകാമെന്ന് പറഞ്ഞ് വിജയ് സഭയിൽനിന്ന് ഇറങ്ങിയതിനെ പരിഹസിച്ച ഉദയനിധി, പ്രതിപക്ഷത്തോട് ഓടിപ്പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് സഭയിൽനിന്ന് ഇറങ്ങിപ്പോയതെന്ന് തിരിച്ചടിച്ചു.

അതിനിടെ മദ്രാസ് ഹൈക്കോടതിയിലെ പ്രധാന ഭാഷയായി തമിഴിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഇത് ഒരു ഭാഷയ്ക്കുമെതിരായ നീക്കമല്ലെന്നും ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളും ബഹുഭാഷാ സ്വഭാവവും ഉയർത്തിപ്പിടിക്കുന്ന ഭരണഘടന സംസ്ഥാനങ്ങൾക്ക് ഔദ്യോഗിക ഭാഷകൾ ഉപയോഗിക്കാൻ സൗകര്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ പേര് തമിഴ്നാട് ഹൈക്കോടതി എന്നാക്കണമെന്ന് സി.വി. ഷൺമുഖവും ഡി.എം.കെയുടെ ഇ.വി. വേലുവും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *