
കല്ലമ്പലം: തിരുവനന്തപുരത്ത് കല്ലമ്പലം പമ്പിൽ നിന്ന് പെട്രോൾ കവിഞ്ഞൊഴുകി സമീപത്തുള്ള വീട്ടിലെ കിണറ്റിലെത്തി. ഇത് നീക്കം ചെയ്യാനെത്തിയ മൂന്ന് തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തിൽ കല്ലമ്പലം സ്വദേശികളായ വിനീത്, രാകേഷ്, സുനു എന്നിവർക്കാണ് പൊള്ളലേറ്റത്. വിനീതിനെയും രാകേഷിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും സുനുവിനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവർ വെള്ളം പമ്പ് ചെയ്ത് കഴിഞ്ഞതിന് ശേഷം കിണറിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ചിറക്കുകയായിരുന്നു. ഇതോടെ വാതകരൂപത്തിൽ നിറഞ്ഞുനിന്ന പെട്രോൾ ആളിക്കത്തി. മൂന്ന് പേരുടെയും വയറിലും മുഖത്തും കൈകളിലുമാണ് പൊള്ളലേറ്റത്. രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. അപകടം നടക്കുമ്പോൾ മൂന്ന് പേരും കിണറ്റിന് പുറത്തായിരുന്നു. വിനീതിനും സുനുവിനുമൊപ്പം എത്തിയതായിരുന്നു സുഹൃത്തായ രാകേഷ്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവമുണ്ടായത്.
കല്ലമ്പലം ജംഗ്ഷനിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്നാണ് ഇന്ധനം ചോർന്നത്. ഓണത്തിന് മുമ്പ് പമ്പിൽ ഇന്ധനം നിറച്ചതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചതോടെ ഭൂഗർഭ അറ കവിഞ്ഞൊഴുകയായിരുന്നു. വീട്ടുടമ പരാതിപ്പെട്ടതിനെ തുടർന്ന് പമ്പ് ഉടമയാണ് കിണർ വൃത്തിയാക്കാൻ തൊഴിലാളികളെ എത്തിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ടാങ്കറിന്റെ ഡ്രൈവർ ഡീസൽ ടാങ്കിൽ പെട്രോൾ നിറച്ചതാണ് അപകടത്തിന് കാരണമായതെന്നും 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പമ്പ് ഉടമ പറഞ്ഞു.
