Home » Blog » Kerala » പിആർ ഏജൻസികളെയല്ല, ജനങ്ങളെയാണ് വിശ്വസിക്കുന്നത്; തെറ്റുകൾ തിരുത്തി തിരിച്ചുവരുമെന്ന് ടി.പി. രാമകൃഷ്ണൻ
tp-ramakrishnan-1-680x450

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടി അതിസൂക്ഷ്മമായി വിശകലനം ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ജനങ്ങളുടെ വിശ്വാസവും അഭിപ്രായവും മാനിച്ചുകൊണ്ട് മുന്നണി ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15-ന് ശേഷം ചേരുന്ന വിശദമായ എൽഡിഎഫ് യോഗത്തിൽ തോൽവി സംബന്ധിച്ച തുടർ തീരുമാനങ്ങൾ കൈക്കൊള്ളും.

 

തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ നിന്ന് ഇടതുമുന്നണി പിന്നോട്ടുപോവില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “തിരിച്ചടികൾ സ്വാഭാവികമാണ്, എന്നാൽ ജനക്ഷേമ കാഴ്ചപ്പാടിൽ മാറ്റമുണ്ടാകില്ല. പ്രതികൂല സാഹചര്യത്തിലും ഇടതുമുന്നണിയെ പിന്തുണച്ചവരോട് നന്ദിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന വി.ഡി. സതീശന്റെ പ്രവചനം ശരിയായിരിക്കാം, എന്നാൽ എൽഡിഎഫ് അത്തരമൊരു ഫലം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുത്തലുകൾക്കായി പിആർ ഏജൻസികളെ സമീപിക്കില്ലെന്നും പകരം ജനങ്ങളിലേക്ക് നേരിട്ടിറങ്ങി അവരുടെ പരാതികൾ കേൾക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. “വിമർശനവും സ്വയം വിമർശനവും ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. ജനങ്ങൾ പറയുന്നത് കേട്ട് മാത്രമേ ഞങ്ങൾക്ക് തെറ്റുകൾ തിരുത്താൻ കഴിയൂ,” അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിലെ പോസ്റ്റർ വിവാദത്തിൽ പാർട്ടിക്കോ മുന്നണിക്കോ യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേതൃമാറ്റം സംബന്ധിച്ച യാതൊരു ആലോചനകളും നിലവിൽ പാർട്ടിയിലില്ല. ‘നിർഭയമായി അഭിപ്രായം പറയാം’ എന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും, പാർട്ടിയിൽ ഏകാധിപത്യമുണ്ടെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നൽകിയ ഒരു മറുപടി മാത്രമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.