Home » Blog » kerala Max » എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട്: ‘നാരി നിവേശ് യാത്ര’ സമാപിച്ചു
IMG-20260809-WA0006

കണ്ണൂർ: സ്ത്രീകളിൽ നിക്ഷേപ- സാമ്പത്തിക അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട് നടത്തിയ നാരി നിവേശ് യാത്രയുടെ കണ്ണൂരിലെ പര്യടനം സമാപിച്ചു. ജൂൺ 26-ന് ചെന്നൈയിൽ നിന്നും ആരംഭിച്ച ഈ രാജ്യവ്യാപക നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ ഭാഗമായി കണ്ണൂരിൽ മുനിസിപ്പൽ മാർക്കറ്റ്, തലശ്ശേരി, തളാപ്പ്, പയ്യാമ്പലം, കക്കാട് മാർക്കറ്റുകളിലും കണ്ണൂർ ഫിഷ് മാർക്കറ്റിലെയും പ്രാദേശിക സമൂഹങ്ങളുമായി സംവാദം നടത്തി. കുടുംബങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും സമ്പത്ത് സൃഷ്ടിക്കുന്നതിലും സ്ത്രീകളുടെ പങ്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സമൂഹങ്ങളിലേക്ക് നേരിട്ട് നിക്ഷേപക വിദ്യാഭ്യാസം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചത്. തെരുവുനാടകങ്ങൾ, നിക്ഷേപക ബോധവൽക്കരണ ക്ലാസുകൾ, സമൂഹവുമായി നേരിട്ടുള്ള ആശയവിനിമയം എന്നിവയിലൂടെ സാമ്പത്തിക ആസൂത്രണം, ചിട്ടയായ നിക്ഷേപം, ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ തുടങ്ങിയവയെക്കുറിച്ച് നഗരത്തിലെ സ്ത്രീകൾക്ക് കൂടുതൽ അവബോധം നൽകാൻ ഇതിലൂടെ സാധിക്കും.

പരമ്പരാഗത സമ്പാദ്യ രീതികളിൽ നിന്ന് മാറി, വിവേകത്തോടെയുള്ള നിക്ഷേപത്തിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കി സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്ന എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ടിന്റെ ‘ബർണി സെ ആസാദി’ നിക്ഷേപക വിദ്യാഭ്യാസ-അവബോധ പരിപാടിയുടെ വിപുലീകരണമായാണ് ‘നാരി നിവേശ് യാത്ര’ സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രണ്ട് പ്രചാരണ വാഹനങ്ങൾ രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ദിശകളിലൂടെ സഞ്ചരിച്ച് നിരവധി നഗരങ്ങളും പട്ടണങ്ങളും സന്ദർശിക്കും. ഓരോ കേന്ദ്രങ്ങളിലും സമൂഹവുമായി നേരിട്ട് ഇടപഴകുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. തെരുവുനാടകങ്ങളും സംവേദനാത്മക നിക്ഷേപക ബോധവൽക്കരണ സെഷനുകളും മുഖേന സാമ്പത്തിക വിഷയങ്ങൾ ലളിതമായി വിശദീകരിക്കുകയും നിക്ഷേപത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് പ്രചോദനമാവുകയും ചെയ്യും.