തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ പി.എസ്.സി ആഭ്യന്തരവിഭാഗം അന്വേഷണം ആരംഭിച്ചു. വിജിലൻസ് വിഭാഗം എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവം പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ച പശ്ചാത്തലത്തിൽ, വിഷയത്തിൽ സർക്കാർതല ഉന്നത അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയത്തിൽ 10 ചോദ്യങ്ങളുടെ ഉത്തരം പരിശോധിക്കാതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഈ വലിയ വീഴ്ച പുറത്തായതോടെയാണ് പി.എസ്.സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിക്കാൻ നിർബന്ധിതരായത്. പി.എസ്.സി പരീക്ഷാ വിഭാഗത്തിൽ നിന്ന് അന്വേഷണസംഘം ഉടൻ റിപ്പോർട്ട് തേടും. പി.എസ്.സിയുടെ ആഭ്യന്തര വിജിലൻസ് സംവിധാനം ദുർബലമാണെന്ന വിലയിരുത്തലിൽ സർക്കാരിന് ഈ അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയില്ല. അതിനാൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. ഉദ്യോഗാർത്ഥികൾ വലിയ പ്രതീക്ഷയോടെ കാണുന്ന പി.എസ്.സി സംവിധാനത്തെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങൾ അതീവ ഗുരുതരമാണെന്നും, കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കടുത്ത നിലപാടാണ് സർക്കാർതല അന്വേഷണത്തിലേക്ക് വഴിതുറക്കുന്നത്.
