Home » Blog » Kerala » ‘കുറഞ്ഞ ചെലവിൽ ലോകം ചുറ്റാം’; വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
102636525.cms

വിമാനയാത്ര ഇന്ന് വളരെ സാധാരണമാണെങ്കിലും, ഉയർന്ന ടിക്കറ്റ് നിരക്ക് പലപ്പോഴും യാത്രക്കാർക്ക് വലിയ ബാധ്യതയാകാറുണ്ട്. എന്നാൽ, ബുക്കിംഗിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള എളുപ്പവഴികൾ താഴെ നൽകുന്നു.

 

അടുത്തുള്ള വിമാനത്താവളങ്ങൾ പരിശോധിക്കുക

 

പ്രധാന വിമാനത്താവളങ്ങളിൽ തിരക്ക് കൂടുതലായിരിക്കുമ്പോൾ ടിക്കറ്റ് നിരക്കും ഉയർന്നതായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ചെറിയ വിമാനത്താവളങ്ങളിലെ നിരക്കുകൾ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. പലപ്പോഴും അവിടെ നിന്ന് വളരെ കുറഞ്ഞ ചിലവിൽ ടിക്കറ്റുകൾ ലഭിക്കാറുണ്ട്.

 

മടക്കയാത്രയ്ക്ക് വ്യത്യസ്ത എയർലൈനുകൾ തിരഞ്ഞെടുക്കുക

 

പലരും സൗകര്യം കരുതി പോകാനും തിരികെ വരാനും ഒരേ എയർലൈൻ തന്നെ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, ഒരേ എയർലൈനിൽ തന്നെ റൗണ്ട്-ട്രിപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ ലാഭകരം, പോകാൻ ഒരു എയർലൈനും മടക്കയാത്രയ്ക്ക് മറ്റൊരു എയർലൈനും തിരഞ്ഞെടുക്കുന്നതാണ്. ഇത് നിരക്കിൽ വലിയ വ്യത്യാസം വരുത്താൻ സഹായിക്കും.

ഒന്നര മാസം മുൻകൂട്ടി ബുക്ക് ചെയ്യുക

 

യാത്രയ്ക്ക് ദിവസങ്ങൾക്ക് മാത്രം മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വലിയ അബദ്ധമാണ്. അവസാന നിമിഷം ടിക്കറ്റ് എടുക്കുമ്പോൾ നിരക്കുകൾ കുതിച്ചുയരും. അതിനാൽ കുറഞ്ഞത് ഒന്നര മാസം മുൻപെങ്കിലും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് പണം ലാഭിക്കാൻ നിങ്ങളെ സഹായിക്കും.

 

നിരക്കുകൾ താരതമ്യം ചെയ്യുക

 

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് വിവിധ എയർലൈനുകളിലെ നിരക്കുകൾ താരതമ്യം ചെയ്യാൻ മറക്കരുത്. ഇതിനായി ‘Google Flight’s’ പോലുള്ള സൗകര്യപ്രദമായ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം. ഇത്തരം സൈറ്റുകളിലെ ‘Track Price Feature’ ഓൺ ചെയ്താൽ, ടിക്കറ്റ് നിരക്ക് കുറയുമ്പോൾ തന്നെ നിങ്ങൾക്ക് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും.

 

അനാവശ്യ അധിക നിരക്കുകൾ ഒഴിവാക്കുക

 

ടിക്കറ്റ് ബുക്കിംഗ് സമയത്ത് അവസാന ഘട്ടത്തിൽ ഭക്ഷണം, മറ്റ് പ്രത്യേക സേവനങ്ങൾ എന്നിവ എയർലൈനുകൾ അധികമായി ഉൾപ്പെടുത്താറുണ്ട്. ഇവ നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ തീർച്ചയായും ഒഴിവാക്കുക. അതുപോലെ, സീറ്റ് തിരഞ്ഞെടുക്കുമ്പോൾ സൗജന്യ ഓപ്ഷനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും ‘ഓട്ടോ-അസൈൻ’ ഓപ്ഷൻ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അധിക ചിലവ് ഒഴിവാക്കാൻ സഹായിക്കും.

 

വാരാന്ത്യങ്ങളിലെ യാത്ര ഒഴിവാക്കുക

 

ആഴ്ചാവസാനം ആളുകളുടെ തിരക്ക് കൂടുതലായതുകൊണ്ട് സ്വാഭാവികമായും വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാറുണ്ട്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വാരാന്ത്യങ്ങളിൽ നിരക്ക് കൂടുതലായിരിക്കും. അതിനാൽ, യാത്ര ആഴ്ചയുടെ തുടക്കത്തിലോ മധ്യത്തിലോ ക്രമീകരിക്കുന്നത് ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.