Home » Blog » Kerala » പാണ്ടനാട് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും: മന്ത്രി സജി ചെറിയാൻ
images - 2026-02-19T184242.385

ചെങ്ങന്നൂർ കുത്തിയതോട് പാലം മന്ത്രി ഉദ്ഘാടനം ചെയ്തു

 

ചെങ്ങന്നൂർ മണ്ഡലത്തിലെ പാണ്ടനാട് പഞ്ചായത്തിൽ എല്ലാ വീടുകളിലും ഉടൻ കുടിവെള്ളമെത്തിക്കുമെന്ന് ഫിഷറീസ്, സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ കുത്തിയതോട് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നികരുംപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂർത്തീകരിച്ചു. സമയബന്ധിതമായാണ് മനോഹരമായ ആർച്ച് പാലം കുത്തിയതോട് പൂർത്തീകരിച്ചത്. വരട്ടാറിന് കുറുകെ നിർമ്മിച്ച ആറ് പാലങ്ങളിൽ അഞ്ചെണ്ണവും പൂർത്തീകരിച്ചു. ഒരെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. മുമ്പ് പാണ്ടനാട് നിർമ്മിച്ച മിത്രമഠം പാലം വന്നതോടെ ഇരുകരകളിലും വികസനം യഥാർഥ്യമായതായും മന്ത്രി പറഞ്ഞു.

 

ചെങ്ങന്നൂർ മണ്ഡലത്തിൽ പമ്പായറിനു കുറുകെ പാണ്ടനാട്, തിരുവൻവണ്ടൂർ, കടപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് കുത്തിയതോട് പാലം. 2023 ഒക്ടോബർ 13 നാണ് നിർമാണം ആരംഭിച്ചത്. മന്ത്രി സജി ചെറിയാന്റെ ഇടപെടലാണ് മൂന്നു വർഷത്തിനുള്ളിൽ പാലം യാഥാർഥ്യമാക്കിയത്. കുത്തിയതോട്, വനവാതുക്കര, നാക്കട, ആലുംതുരുത്തി, മാന്നാർ, തിരുവല്ല ഭാഗത്തേക്കു പോകാനുള്ള എളുപ്പവഴികൂടിയാണിത്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 18.83 കോടി ചെലവഴിച്ചാണ് നിർമാണം. 67 മീറ്റർ നീളമുള്ള പാലത്തിന് 7.50 മീറ്റർ കാര്യേജ് വേയും ഇരുഭാഗത്തും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമുണ്ട്.

 

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജിജി കുഞ്ഞുകുഞ്ഞ്, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്ജ്, ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം എസ് ബാലചന്ദ്രൻ നായർ, പഞ്ചായത്തംഗം ടിറ്റി എം വർഗീസ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി അജിത് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സബിത ബീവി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.