
മലയാള സിനിമയുടെ ബജറ്റ് സങ്കൽപ്പങ്ങളെക്കുറിച്ചും തന്റെ സിനിമാ യാത്രയെക്കുറിച്ചും തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താൻ ഇതുവരെ ചെയ്ത സിനിമകളിൽ ഒന്നിനെപ്പോലും വലിയ സിനിമയെന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് ഗിരീഷ് പറയുന്നു. പണ്ടൊക്കെ പത്ത് കോടി രൂപയുടെ ബജറ്റ് എന്നത് വലിയൊരു തുകയായിരുന്നെങ്കിൽ, ഇന്നത് മലയാള സിനിമയിൽ തികച്ചും സാധാരണമായ ഒരു തുക മാത്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞാൻ ചെയ്ത സിനിമകളിൽ ഒരു പടവും വലിയ പടമെന്ന് പറയാനില്ല. മലയാള സിനിമയുടെ സ്കെയിൽ വെച്ച് നോക്കുമ്പോൾ പണ്ടൊക്കെ 10 കോടി രൂപയുടെ പടം എന്നാൽ ഭയങ്കര വലിയ പടമാണ്. എന്നാൽ ഇന്ന് അതൊരു നോർമൽ ബജറ്റാണ്. ബെത്ലഹേമിന്റെ ബജറ്റ് 25 കോടിയുടെ അടുത്താണ്. അപ്പോഴും ഇതൊരു ഭയങ്കര വലിയ പടമെന്ന് പറയാൻ പറ്റില്ല. ഞാൻ ഗ്രാജ്വലായി പടിപടിയായി കയറിവന്ന ആളാണ്. ഒറ്റയടിക്ക് അങ്ങനെ വലിയ ബജറ്റുള്ള പടമൊന്നും ആലോചിച്ചിട്ടില്ല. അങ്ങനെ എടുക്കുകയാണെങ്കിൽ തന്നെ അതൊരു ബിഗ് സ്റ്റാർ പടമായിരിക്കണം,’ ഗിരീഷ് വ്യക്തമാക്കി.
തന്റെ അടുത്ത പദ്ധതികളെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. അടുത്ത പടത്തിന്റെ ബജറ്റ് ഇതിനേക്കാൾ കൂടുക എന്നതിലുപരി, ആ ചിത്രത്തിന് എന്താണോ ആവശ്യം അത് കൃത്യമായി നൽകുക എന്നതാണ് തന്റെ ആഗ്രഹം. തിരക്കഥാകൃത്ത് കിരണുമൊത്തുള്ള അടുത്ത പ്രോജക്ടിനെക്കുറിച്ചുള്ള ആലോചനകൾ ‘ബെത്ലഹേം’ സിനിമയുടെ ഷൂട്ടിനിടയിൽ തുടങ്ങിയതാണെന്നും, എന്നാൽ അതിന്റെ മറ്റ് ഔദ്യോഗിക വിവരങ്ങൾ ആയിട്ടില്ലെന്നും ഗിരീഷ് എ.ഡി കൂട്ടിച്ചേർത്തു.
