Your Image Description Your Image Description

എസ് ബി ഐ കോടിമാതാ ബ്രാഞ്ചിൽ നിന്നുമെടുത്ത വിദ്യാഭ്യാസ വായ്പ അടച്ചു തീർന്നിട്ടും ജാമ്യമായി നൽകിയ രേഖകൾ തിരികെ നൽകിയില്ലെന്ന മാന്നാർ സ്വദേശിയുടെ പരാതി കമ്മീഷൻ സിറ്റിംഗിൽ പരിഹരിച്ചു.

ന്യൂനപക്ഷ കമ്മീഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിംഗിലാണ് പരാതികൾ പരിഗണിച്ചത്.
ആലപ്പുഴ മുല്ലാത്ത് വളപ്പ് വാർഡ് സ്വദേശിയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ പരാതിക്കാരനെ നേരിൽ കേട്ടതിനുശേഷം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. സിറ്റിംഗിൽ ലഭിച്ച റിപ്പോർട്ടുകൾ പരിശോധിച്ച് പരാതി തീർപ്പാക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

മണ്ണഞ്ചേരി സ്വദേശിയുടെ പേരിലുള്ള 6.6 സെന്റ് സ്ഥലത്ത് കടക്കാൻ ഉടമസ്ഥനായ വ്യക്തിയെ അയൽക്കാരൻ അനുവദിക്കുന്നില്ലെന്ന പരാതിയിൽ കമ്മീഷൻ വാദം കേട്ടു. ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ, മുഹമ്മ എസ് എച്ച് ഒ എന്നിവർ പരാതി സത്യമാണെന്ന് അറിയിച്ചു. ഉടമസ്ഥർക്ക് അവകാശപ്പെട്ട ഭൂമിയിൽ പ്രവേശിക്കാൻ ആവശ്യമായ സംരക്ഷണം റവന്യൂ, പോലീസ് അധികൃതർ ചേർന്ന് നൽകണമെന്ന് നിർദ്ദേശം നൽകി തുടർ നടപടികൾ അവസാനിപ്പിച്ചു.

ആലപ്പുഴ ലജനത്ത് വാർഡിൽ റാണിത്തോട് നവീകരണവുമായി ബന്ധപ്പെട്ടുള്ള പരാതിയിന്മേൽ നഗരസഭ അധികൃതരുടെ വാദം കേട്ടു. റാണിത്തോട് നവീകരണത്തിനായി 10,5000 രൂപ ആദ്യഘട്ടത്തിൽ വകയിരുത്തുകയും പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം റാണി തോടും ഷഡാമണി തോടും വൃത്തിയാക്കുന്നതിനായി 5 ലക്ഷം രൂപ വകയിരുത്തുകയും പ്രവൃത്തി നിർവഹണ ഘട്ടത്തിലും ആണെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.

കമ്മീഷനു മുമ്പിൽ വന്ന അഞ്ച് പരാതികളിൽ മൂന്ന് പരാതികൾ തീർപ്പാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീനാണ് പരാതികൾ പരിഗണിച്ചത്.

Related Posts