“ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോ ക്യാമറയും കൂടെ ചാടട്ടെ” എന്ന് ‘ചിന്താവിഷ്ടയായ ശ്യാമള’യിൽ ശ്രീനിവാസൻ പറഞ്ഞ ആ തമാശ നമ്മൾ ഒരുപാട് ചിരിച്ച് തള്ളിയതാണ്. എന്നാൽ അക്കാര്യം അക്ഷരംപ്രതി അസ്സലായി നടപ്പിലാക്കി കൈയടി നേടുകയാണ് പുതിയ മലയാള ചിത്രം ‘ധൂമകേതു’വിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി നടി നിഖില വിമൽ വെള്ളത്തിനടിയിൽ നടത്തിയ കഠിനമായ അണ്ടർവാട്ടർ ഷൂട്ടിങ്ങിന്റെ ബിടിഎസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ഷൈജു ഖാലിദ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കണ്ട്, “അപ്പോൾ ഇത് എ.ഐ കൊണ്ട് ഉണ്ടാക്കിയതല്ലല്ലേ” എന്നാണ് സിനിമാ പ്രേമികൾ അത്ഭുതത്തോടെ കമന്റ് ചെയ്യുന്നത്. മലയാള സിനിമയിൽ അപൂർവ്വമായി മാത്രം കാണാറുള്ള അതിമനോഹരമായ അണ്ടർവാട്ടർ ദൃശ്യങ്ങളോടെയാണ് ചിത്രം എത്തുന്നതെന്ന സൂചനയാണ് ഈ വീഡിയോ നൽകുന്നത്.
തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ‘ധൂമകേതു’ സംവിധാനം ചെയ്യുന്നത് സുധി മാഡിസൺ ആണ്. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിൻ ഗോപുവും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്. ഏറെ കൗതുകം ഉണർത്തുന്ന ടൈറ്റിൽ പോസ്റ്ററിന് പിന്നാലെ ഇപ്പോൾ പുറത്തുവന്ന ഫസ്റ്റ് ലുക്ക് മേക്കിംഗ് വീഡിയോ കൂടി തരംഗമായതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
