<strong>ഹൈദരാബാദ്</strong>: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. നിലവിൽ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി അമേരിക്ക സന്ദർശിച്ച ശേഷം ഓഗസ്റ്റ് 30ന് ഹൈദരാബാദിൽ തിരിച്ചെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഔദ്യോഗിക പ്രതിനിധി സംഘത്തിനൊപ്പം അമേരിക്കയിലേയ്ക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യാത്രാ അനുമതി നിഷേധിക്കുകകായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
രാഷ്ട്രീയ തലത്തിലുള്ള അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്നാണ് കേന്ദ്രം അറിയിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. അമേരിക്കയിലെ ബോസ്റ്റണിലേക്ക് പോകുന്നതിന് പകരം ഓഗസ്റ്റ് 23ന് ലണ്ടനിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങാനാണ് ഇതിന് പിന്നാലെ രേവന്ത് റെഡ്ഡി തീരുമാനിച്ചിരിക്കുന്നത്. യുകെയിലേക്കും അമേരിക്കയിലേക്കുമുള്ള സന്ദർശനത്തിന് തെലങ്കാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. എന്നാൽ യുകെ സന്ദർശനത്തിന് മാത്രമാണ് അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധി സംഘം യുകെയിലെത്തിയ ശേഷമാണ് അമേരിക്ക സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ച വിവരം കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു
