
<strong>ന്യൂഡല്‍ഹി</strong>: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. സര്‍ക്കാര്‍ ജോലികളിലെ ഒഴിവുകള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സംവരണം ഒഴിവാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യേണ്ടതില്ല, സംവരണമുള്ള തസ്തികകള്‍ ഇല്ലാതാക്കിയാല്‍ മാത്രം മതിയാകും എന്നായിരുന്ന അദ്ദേഹം പറഞ്ഞത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരാന്‍ പോകുന്ന തസ്തികകളുടെ വിശദാംശങ്ങളും അദ്ദേഹം തന്റെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
2015ല്‍ കേന്ദ്രസര്‍ക്കാരില്‍ 4.21 ലക്ഷം ഒഴിവുകളാണുണ്ടായിരുന്നത്. 2024-ഓടെ ഈ എണ്ണം 8.24 ലക്ഷമായി ഉയര്‍ന്നു. റെയില്‍വേയില്‍ 2.40 ലക്ഷം ഒഴിവുകളുണ്ട്. പ്രതിരോധ വകുപ്പില്‍ 2.41 ലക്ഷവും ആഭ്യന്തര മന്ത്രാലയത്തില്‍ 1.10 ലക്ഷവും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 5.1 ലക്ഷം സ്ഥിരം തസ്തികകള്‍ ഇല്ലാതാക്കി. കരാര്‍ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ അനുപാതം 19 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി വര്‍ധിച്ചു എന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു.
