പ്രസവാവധിയിൽ ചരിത്രപരമായ തീരുമാനവുമായി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ, സംസ്ഥാനത്തെ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ കുഞ്ഞിനും 365 ദിവസത്തെ ശമ്പളത്തോടുകൂടിയ പ്രസവാവധി അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു. ഇതിനുമുമ്പ് ആദ്യ രണ്ട് കുട്ടികൾക്ക് മാത്രമായിരുന്നു ഒരു വർഷത്തെ പൂർണ്ണ ശമ്പളത്തോടുകൂടിയ അവധി ലഭിച്ചിരുന്നത്. മൂന്നാമത്തെ കുട്ടിക്ക് ലഭിച്ചിരുന്ന 12 ആഴ്ചത്തെ (84 ദിവസം) പ്രസവാവധി എന്ന നിബന്ധനയാണ് ഇപ്പോൾ സർക്കാർ ഒരു വർഷമാക്കി ഉയർത്തിയിരിക്കുന്നത്. നിയമസഭയിൽ മാനവവിഭവശേഷി മന്ത്രി ഡി. ശരത്കുമാറാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈ തീരുമാനത്തോടെ മൂന്ന് കുട്ടികൾ വരെയുള്ള സ്ത്രീകൾക്ക് ഒരേ ആനുകൂല്യം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് തുല്യമായ പരിഗണന തൊഴിലിടത്തിൽ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നയപരമായ മാറ്റം. ഇത് സംബന്ധിച്ചുള്ള സമഗ്രമായ സർക്കാർ ഉത്തരവ് (GO) വൈകാതെ പുറത്തിറങ്ങും. തമിഴ്നാട്ടിലെ സ്ത്രീകളുടെ ക്ഷേമം മുൻനിർത്തിയും ജോലിസ്ഥലത്തെ തുല്യത വർദ്ധിപ്പിക്കാനും ഈ നീക്കം വലിയ രീതിയിൽ സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
സംസ്ഥാനത്തെ ജനനനിരക്കിൽ (Total Fertility Rate) ഉണ്ടായിരിക്കുന്ന വലിയ ഇടിവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. തമിഴ്നാട്ടിലെ ജനനനിരക്ക് 1.4-ലേക്ക് താഴുകയും, സംസ്ഥാനത്തെ 16 ശതമാനത്തോളം ജനങ്ങൾ 60 വയസ്സിന് മുകളിലുള്ളവരുമാണ് എന്ന വസ്തുത സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കുറഞ്ഞുവരുന്ന ജനനനിരക്കിനെ മറികടക്കാനും വളർന്നുവരുന്ന കുടുംബങ്ങളെ സഹായിക്കാനും ഇത്തരം സാമൂഹിക സുരക്ഷാ പദ്ധതികൾ അത്യാവശ്യമാണെന്ന് ഭരണകൂടം വിശ്വസിക്കുന്നു.
