Home » Blog » kerala Max » നിഴലുകൾക്കപ്പുറം എന്താണ്? ആകാംക്ഷ ഉണർത്തി ജയസൂര്യയുടെ ‘മായൻ’ വരുന്നു; ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
2

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രീകരണം പൂർത്തിയാക്കിയതായും അണിയറപ്രവർത്തകർ അറിയിച്ചു.

മമ്മൂട്ടി നായകനായ ‘കളങ്കാവൽ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മായൻ’. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം കേരളത്തിനൊപ്പം റഷ്യയിലും ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. റഷ്യയിലെ വിദേശ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് പിന്നാലെ കേരളത്തിലെ ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

വ്യത്യസ്തമായ മിസ്റ്ററി ത്രില്ലർ പശ്ചാത്തലത്തിലാണ് ‘മായൻ’ ഒരുങ്ങുന്നത്. കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നുവെന്ന് പറയപ്പെടുന്ന, പൊതുസമൂഹത്തിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ചില ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും ചിത്രം കടന്നുചെല്ലുന്നതായാണ് സംവിധായകൻ ജിതിൻ കെ. ജോസ് നേരത്തെ സൂചിപ്പിച്ചിരുന്നത്. ‘വിപരീത ആരാധന’ എന്ന ആശയം ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചിത്രത്തെ നേരിട്ട് ‘കറുത്തച്ചനൂട്ട്’ അടിസ്ഥാനമാക്കിയുള്ള സിനിമയായി അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.

ചിത്രത്തിന്റെ തിരക്കഥ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ഒരുക്കുന്നത്. ജയസൂര്യയ്ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ‘കളങ്കാവലി’ന്റെ സാങ്കേതിക സംഘത്തിലെ പ്രധാന അംഗങ്ങളിൽ പലരും ‘മായനി’ലും ജിതിൻ കെ. ജോസിനൊപ്പം വീണ്ടും ഒന്നിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുമ്പോൾ മുജീബ് മജീദ് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. സുനിൽ ദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.ലൈൻ പ്രൊഡ്യൂസർ- രോഹിത്ത് ആർ നായർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ് – വിപിൻ കുമാർ വി, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്- സിനത് സേവ്യർ, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ.

പോസ്റ്ററിൽ “Beyond the Shadows” എന്ന ടാഗ്‌ലൈനോടെയാണ് ‘മായൻ’ എത്തുന്നത്. നിഗൂഢതയും ഇരുണ്ട അന്തരീക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രമോഷൻ മെറ്റീരിയലുകൾ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഡിസംബർ 3, 2026 മുതൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ‘മായൻ – ചാപ്റ്റർ 1’ പ്രേക്ഷകരിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *