Home » Blog » kerala Max » ദാഹം വന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഈ റിപ്പോർട്ട് ഒന്ന് വായിച്ചോളൂ
train-680x450

തീവണ്ടി യാത്രകളിൽ ദാഹം മാറ്റാൻ നമ്മളിൽ പലരും റെയിൽവേ സ്റ്റേഷനുകളിലെ ടാപ്പുകളിൽ നിന്നോ വാട്ടർ കൂളറുകളിൽ നിന്നോ വെള്ളം കുടിക്കാറുണ്ട്. എന്നാൽ നിങ്ങൾ കുടിക്കുന്ന ആ വെള്ളം ജീവന് തന്നെ വലിയൊരു ഭീഷണിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പാലക്കാടും കോയമ്പത്തൂരും ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ മാരകമായ ‘ഇ.കോളി’ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വിവരമാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടത് റെയിൽവേയുടെ പ്രധാന ഉത്തരവാദിത്വമാണെങ്കിലും, അതിവേഗ ട്രെയിനുകൾ പ്രഖ്യാപിക്കുന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഗുരുതരമായ വീഴ്ചയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണ, ദക്ഷിണ-മധ്യ, മധ്യ, കിഴക്കൻ റെയിൽവേകളിലെ വാട്ടർ കൂളർ സാംപിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. 2019-20 മുതൽ 2023-24 വരെയുള്ള കാലയളവിലെ പരിശോധനാ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സി.എ.ജി. ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകുന്നതാണ് ഈ ബാക്ടീരിയ. എല്ലാ സ്റ്റേഷനുകളിലെയും കുടിവെള്ള ഗുണനിലവാരം പരിശോധിക്കണമെന്നും ഔദ്യോഗിക പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്നും സി.എ.ജി. നിർദേശിക്കുന്നു.

എന്നാൽ ഈ റിപ്പോർട്ടിന് മറുപടിയുമായി റെയിൽവേ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് 2024-ൽ ശേഖരിച്ച സാംപിളുകളാണെന്നും, തൊട്ടടുത്ത മാസം തന്നെ വീണ്ടും പരിശോധന നടത്തിയപ്പോൾ ബാക്ടീരിയ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നുമാണ് പാലക്കാട് ഡിവിഷൻ റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. എല്ലാ മാസവും ഹെൽത്ത് ഇൻസ്പെക്ടർമാർ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്താറുണ്ടെന്നും, ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുദ്ധീകരണ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും നിലവിൽ യാതൊരു ആശങ്കയും വേണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഈ വിഷയം ഇപ്പോൾ പൊതുസമൂഹത്തിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.