Your Image Description Your Image Description

ചെന്നൈ: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂള്‍, കോളജ് ഹോസ്റ്റലുകളുടെ പേര് ‘സാമൂഹിക നീതി ഹോസ്റ്റലുകള്‍’ എന്ന് മാറ്റാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. തിങ്കളാഴ്ചയാണ് ഹോസ്റ്റലുകളുടെ പേര് മാറ്റിയതായി മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചത്. വിവേചനങ്ങള്‍ക്കെതിരെയുള്ള നീക്കമാണിതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കുന്നു.

വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ ഇനിമുതല്‍ സാമൂഹിക നീതി ഹോസ്റ്റലുകള്‍ എന്നറിയപ്പെടും. ഡിഎംകെ ഭരണത്തിന് കീഴില്‍ ജാതിയുടെയോ വര്‍ഗത്തിന്റെയോ പേരിലുള്ളതടക്കം യാതൊരു തരത്തിലുള്ള വിവേചനങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. 2,739 ഹോസ്റ്റലുകളാണ് തമിഴ്നാട് സര്‍ക്കാരിന്റെ കീഴിലുള്ളത്. സംസ്ഥാന ആദിവാസി ക്ഷേമ വകുപ്പ്, പിന്നോക്ക ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളില്‍ 1,79,568 വിദ്യാര്‍ഥികളാണുള്ളത്.

ഔദ്യോഗിക രേഖകളില്‍ നിന്നും ‘കോളനി’ എന്ന പദപ്രയോഗം ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനവും സാമൂഹിക നീതി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. കോളനി എന്ന പദം ‘അധികാരത്തിന്റെയും’ ‘തൊട്ടുകൂടായ്മയുടേയും’ ചിഹ്നമായി മാറി. അതിനാലാണ് സര്‍ക്കാര്‍ രേഖകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും ഈ വാക്ക് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

സ്‌കൂളുകളിലെ ജാതി വിവേചനങ്ങളെ പറ്റി പഠിക്കാനും പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി മുന്‍ ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിച്ചിരുന്നു. സ്‌കൂളിലെ പേരില്‍ നിന്നും ജാതി വാലുകള്‍ ഒഴിവാക്കണമെന്ന കമ്മീഷന്‍ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇത് കൂടാതെ ജാതീയവും വര്‍ഗീയവുമായ സംഘര്‍ഷങ്ങള്‍ പ്രതിരോധിക്കുന്നതിനുമായുള്ള നടപടികളടങ്ങിയ ഉത്തരവ് ജൂണ്‍ 25ന് പുറപ്പെടുവിച്ചതായും സ്റ്റാലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts