Your Image Description Your Image Description

2025ലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവത്കരണ പരിപാടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ അവബോധമുണ്ടാക്കുകയാണ് ‘ലീപ്-കേരള’ (ലോക്കല്‍ ബോഡി അവയര്‍നസ് പ്രോഗ്രാം -കേരള) എന്ന ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതാദ്യമായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍ ബോധവത്കരണത്തിന് പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായി ജില്ലാതലസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ കണ്‍വീനര്‍ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍, ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടികയില്‍നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയുടെ വ്യത്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണ പരിപാടികള്‍ ലീപ്-കേരളയിലൂടെ നടത്തും. കോളേജ് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം. ‘വോട്ടിനായി പേരു ചേര്‍ത്തിടാം, നാടിനായി വോട്ടു ചെയ്തിടാം’ എന്നതാണ് ലീപ്-കേരളയുടെ മുദ്രാവാക്യം.

Related Posts