ട്രോളിങ് നിരോധനം: ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം

കോഴിക്കോട് : ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 വരെ പ്രഖ്യാപിച്ച ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യപ്രജനന കാലത്ത് നടത്തുന്ന നിയന്ത്രണത്തിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അഭ്യര്‍ഥിച്ചു.

സാധാരണ വള്ളങ്ങളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം. എന്നാല്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒരു കാരിയര്‍ വള്ളം മാത്രം ഉപയോഗിക്കണം. രണ്ടു ചെറുവള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്ങും നിയമവിരുദ്ധമായ മറ്റു മത്സ്യബന്ധന രീതികളും സ്വീകരിക്കരുത്. അത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

യന്ത്രവത്കൃതബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂണ്‍ ഒമ്പത് അര്‍ധരാത്രി 12ന് മുമ്പ് എല്ലാ ട്രോളിങ് ബോട്ടുകളും ഹാര്‍ബറില്‍ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അര്‍ധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂ. മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് തീരം വിടണം.

ട്രോളിംഗ് നിരോധനം സംബന്ധിച്ച അറിയിപ്പ് കടലോരപ്രദേശങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റായും പോസ്റ്റര്‍, നോട്ടീസ് എന്നിവയിലൂടെയും അറിയിക്കും. രക്ഷാദൗത്യങ്ങള്‍ക്കായി ഫിഷറീസ്, പോര്‍ട്ട്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സംയുക്ത സംഘങ്ങള്‍ സജ്ജമായിരിക്കും. ട്രോളിങ് നിരോധന കാലത്ത് ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കുന്നതും വിലക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനം മൂലം തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പില്‍നിന്ന് പട്ടിക കിട്ടുന്ന മുറയ്ക്ക് സിവില്‍ സപ്ലൈസ് നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

നിയമലംഘനം തടയാനും നിരോധനം നടപ്പാക്കാനും കൂടുതല്‍ പോലീസ് സേനയെ ആവശ്യമെങ്കില്‍ വിന്യസിക്കും. എല്ലാ യാനങ്ങളിലും രജിസ്ട്രേഷന്‍ മാര്‍ക്ക് ഉണ്ടാകണം. മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയല്‍ രേഖ, മതിയായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍ കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണം. കാലാവസ്ഥ മുന്നറിയിപ്പനുസരിച്ച് പ്രക്ഷുബ്ധ കാലാവസ്ഥയില്‍ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ 552 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും 173 ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 5,098 ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങളും 410 എഞ്ചിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം 6,233 യാനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ ഇതര ജില്ലകളില്‍നിന്ന് 119ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നു.
കടല്‍ പട്രോളിങ്ങിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആരംഭിച്ചിട്ടുണ്ട് (നമ്പര്‍: 04952 414074, 04952992194, 9496007052).

ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ബോട്ടുകള്‍ നിരീക്ഷണത്തിനുണ്ടാകും. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ചാണ് ഇവയുണ്ടാവുക. കാരുണ്യ മറൈന്‍ ആംബുലന്‍സ് ബേപ്പൂര്‍ കേന്ദ്രീകരിച്ചും ആധുനിക ആശയവിനിമയ സംവിധാനം ഘടിപ്പിച്ച മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് (ഫൈബര്‍ വള്ളം) ചോമ്പാല ബേസ് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും. ട്രോളിങ് നിരോധനവും കടല്‍ രക്ഷാപ്രവര്‍ത്തനവും ഫലപ്രദമായി നടപ്പാക്കാന്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, പോലീസ്, കോസ്റ്റല്‍ പോലീസ്, പോര്‍ട്ട്, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണവും ഏകോപനവും ഉണ്ടാകും.

ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ കെട്ടിയിടാനുള്ള സൗകര്യം ഒരുക്കണമെന്നും ട്രോളിങ് സമയത്ത് ഹാര്‍ബറില്‍ കരക്കടുപ്പിച്ച ബോട്ടുകളില്‍നിന്ന് സാധനങ്ങള്‍ മോഷണം പോകുന്നത് തടയാന്‍ കാവല്‍ ഏര്‍പ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഹാര്‍ബറിലെ കുടിവെള്ള പ്രശ്‌നം, മാലിന്യപ്രശ്‌നം എന്നിവ പരിഹരിക്കണമെന്നും ഹാര്‍ബറുകളില്‍ വിശ്രമ മുറി, ശുചിമുറി എന്നിവ ഒരുക്കണമെന്നും അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, കൗണ്‍സിലര്‍ എം ഗിരിജ ടീച്ചര്‍, പോലീസ്, മത്സ്യഫെഡ്, മത്സ്യബോര്‍ഡ്, റവന്യൂ, പോര്‍ട്ട്തുടങ്ങിയ വകുപ്പ് പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All