മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ആദ്യമായി ടിക്കറ്റെടുത്ത് കാണാൻ പോകുന്ന സിനിമ ഏതാണെന്ന ചോദ്യത്തിന് താരം നൽകിയ മറുപടി ആരാധകർക്കിടയിൽ വലിയ ചിരി പടർത്തിയിരിക്കുകയാണ്. താൻ ഇതുവരെ ഒരു സിനിമ പോലും ടിക്കറ്റെടുത്ത് കണ്ടിട്ടില്ലെന്നും, ഇനി വരാനിരിക്കുന്ന ‘ദൃശ്യം 3’ ആയിരിക്കും താൻ ടിക്കറ്റെടുത്ത് കാണുന്ന ആദ്യ സിനിമയെന്നുമാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന ദൃശ്യം 3-യുടെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു താരത്തിന്റെ ഈ രസകരമായ പ്രതികരണം. സിനിമ ടിക്കറ്റെടുത്തു കാണാൻ പ്രായമായപ്പോഴേക്കും താൻ സിനിമയിൽ എത്തിയിരുന്നെന്നും, പതിനേഴാം വയസ്സു മുതൽ സിനിമയുടെ ഭാഗമായതിനാൽ അതിന് അവസരം ലഭിച്ചില്ലെന്നുമാണ് തമാശരൂപേണ ലാലേട്ടൻ പറഞ്ഞത്.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ദൃശ്യം 3’ക്കായി വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദൃശ്യം പരമ്പരയിലെ ആദ്യ രണ്ട് ഭാഗങ്ങളും വലിയ വിജയമായതിനാൽ തന്നെ മൂന്നാം ഭാഗത്തിലും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകൾ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്. നടി മീന ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ മോഹൻലാലിന്റെ ഈ കൗതുകകരമായ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു.
