Your Image Description Your Image Description

ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും ഒരുപോലെ വിലയിട്ടൊരാൾ – ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമാണ് ഖമീനിക്കുള്ളത്. ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായി ചിത്രീകരിക്കുന്ന എഐ ചിത്രം ഒദ്യോ​ഗിക വെബ്സെെറ്റിൽ പങ്കുവച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.

യുദ്ധസമയത്ത് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ ഖമീനി പോസ്റ്റ് ചെയ്തിരുന്നു. ജൂതരുടെ രാജാവായിരുന്ന ദാവീദിന്റെ നക്ഷത്രം പതിച്ച തലയോട്ടിയിൽ മിസൈലുകൾ വർഷിക്കുന്നത്, ട്രംപിന്റെ മുഖമുള്ള സ്റ്റാച്യൂ ഓഫ് ലിബർട്ടിയെ മിസൈലുകൾ തകർക്കുന്നത്, ഇസ്രയേലി-അമേരിക്കൻ കപ്പൽ നശിപ്പിക്കുന്നത് തുടങ്ങിയ ചിത്രങ്ങൾ അതിൽപെടുന്നു.

ജൂലൈ 16-ന് നടത്തിയ പ്രസംഗത്തിൽ ഇസ്രയേലിനെ അർബുദമെന്നും യുഎസിന്റെ പേപ്പട്ടി എന്നും ഖമീനി വിശേഷിപ്പിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് എഐ ചിത്രം പോസ്റ്റ് ചെയ്തത്. അമേരിക്കൻ പതാക പുതച്ച കപ്പലിൽ ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒപ്പം ‘അവർ (ഇസ്രയേൽ) തലകുനിച്ചിരുന്നില്ലെങ്കിൽ, വീണില്ലായിരുന്നെങ്കിൽ, സഹായം ആവശ്യമില്ലായിരുന്നെങ്കിൽ, സ്വയം പ്രതിരോധിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ, അവർ അമേരിക്കയെ ആശ്രയിക്കുമായിരുന്നില്ല. അമേരിക്കയെ സമീപിച്ചതിനർത്ഥം ഇസ്ലാമിക് റിപ്പബ്ലിക്കിനെ നേരിടാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കിയെന്നാണ്.’ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

ഇറാനിയൻ ഭരണകൂടം ജൂതന്മാരെയും ഇസ്രയേലിനെയും ചിത്രീകരിക്കാൻ ഇതിനുമുമ്പും വിവാദചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അടുത്തിടെ ടെഹ്റാനിലെ ഒരു ആർട്ട് ഗാലറി അമേരിക്കയെയും ഇസ്രയേലിനെയും പരിഹസിക്കുന്ന കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം സംഘടിപ്പിച്ചിരുന്നു.

Related Posts