കോഴിക്കോട്: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതില്‍ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം സുപ്രഭാതം. ‘ജനവിധിയെ അപഹസിക്കരുത്’ എന്ന തലക്കെട്ടോടെയാണ് സുപ്രഭാതത്തിന്റെ മുഖപ്രസംഗം. ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സമീപനം പിന്തുടരുന്നതില്‍ കോണ്‍ഗ്രസും ഒട്ടും പിന്നിലല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യമുന്നണിക്ക് കേരളജനത ചരിത്രവിജയം സമ്മാനിച്ചെന്നും എന്നാല്‍, ജനവിധിയുടെ വിശാലമായ അര്‍ഥവും ബാധ്യതയും ഉള്‍ക്കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നതിന് പകരം, നിഴലാട്ടങ്ങളില്‍ അഭിരമിക്കുകയാണ് കോണ്‍ഗ്രസ് എന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ജനാധിപത്യമാര്‍ഗത്തിലൂടെ, കൂടിയാലോചനകളിലൂടെ തന്നെയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. എന്നാല്‍, ജനം തെരഞ്ഞെടുത്ത 102 എംഎല്‍എമാര്‍ക്കോ നയിക്കുന്ന മുന്നണിക്കോ ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ ഇത്രയും കൂലങ്കഷമായ ചര്‍ച്ചകള്‍ക്കൊടുവിലും കഴിയാതെപോകുന്നത് അമ്പരപ്പിക്കുന്ന കൊള്ളരുതായ്മയാണ്. ഇത് ജനങ്ങളോടുള്ള പരിഹാസവും വെല്ലുവിളിയും ആണെന്ന് പറയാതെ വയ്യ.
ഭരണത്തിലിരുന്ന സര്‍ക്കാരിനെതിരായ കടുത്ത ജനരോഷമാണ് യു.ഡി.എഫിന് അനുകൂലമായ വോട്ടൊഴുക്കായി മാറിയത്. അതില്‍ ഇടതുപാര്‍ട്ടികളിലെ അണികളും എന്തിന് അവരുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയുമുണ്ട്. അവരെ വിസ്മരിച്ചുള്ള നാടകങ്ങളാണ് ഇപ്പോള്‍ അരങ്ങുവാഴുന്നത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വടംവലികളും പുറമെ നടക്കുന്ന ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനങ്ങളും ജനങ്ങളോടുള്ള മര്യാദയില്ലായ്മയാണ്. ജയിപ്പിച്ചു വിട്ടവരോട് അല്‍പമെങ്കിലും കുറും ബഹുമാനവും ഉത്തരവാദിത്വവും ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഈ വിധമുള്ള അന്തര്‍നാടകങ്ങള്‍ക്ക് അരങ്ങൊരുക്കില്ലായിരുന്നു.
കോണ്‍ഗ്രസിന്റെയോ മുന്നണിയുടെയോ വോട്ടുകൊണ്ട് മാത്രമല്ല യുഡിഎഫ് വിജയിച്ചത്. വോട്ട് ചെയ്തവരെ വിസ്മരിച്ചുകൊണ്ടുള്ള നാടകങ്ങളാണ് അരങ്ങേറുന്നത്. ജനങ്ങളെ അന്ധഭക്തരായി കാണുന്നത് സ്വയം കുഴിതോണ്ടലാണ്. പദവികളാണ് ആത്യന്തിക ലക്ഷ്യമെന്ന അധികാരബദ്ധ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും തിരുത്തല്‍ വരുത്തണം. കരുത്തുകൂട്ടി രാജ്യത്തിന്റെ കാവലാകുന്നതിന് പകരം അധികാരപദവിയെ ചൊല്ലി തെരുവില്‍ കലഹിക്കുന്നത് സ്വയം നശിപ്പിക്കല്‍ മാത്രമല്ല, വര്‍ഗീയ-വിദ്വേഷക ശക്തികളെ വളര്‍ത്തല്‍കൂടിയാണെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ ഓര്‍മിപ്പിക്കുന്നു.
