ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് മറുപടിയായി അമേരിക്ക നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്നു. അമേരിക്കയുടെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങളും തീരദേശ റഡാർ സംവിധാനങ്ങളും ലക്ഷ്യമാക്കി തിരിച്ചടിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇറാനിയൻ തീരത്ത് അമേരിക്ക നടത്തിയ ആക്രമണം തങ്ങളുടെ പ്രതിബദ്ധതകളുടെ ലംഘനമാണെന്നാണ് ഐആർജിസിയുടെ വാദം. ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലെ ആർട്ടിക്കിൾ 5 ലംഘിച്ചാണ് അമേരിക്ക പ്രകോപനം സൃഷ്ടിച്ചതെന്ന് ഇറാൻ ആരോപിക്കുന്നു. ഏതെല്ലാം താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഇറാൻ, ഭാവിയിൽ ഇനിയും ആക്രമണം തുടർന്നാൽ കൂടുതൽ വിപുലമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി.
ഇറാനിയൻ പ്രകോപനങ്ങളെ അക്രമം കൊണ്ട് തന്നെ നേരിടുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. ഏകദേശം നാല് മാസമായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ ഒപ്പുവെച്ച ധാരണാപത്രത്തെ ഇറാൻ ലംഘിച്ചുവെന്നും, ചർച്ചകൾക്ക് പകരം അക്രമമാണ് അവർ തിരഞ്ഞെടുക്കുന്നതെന്നും വാൻസ് ‘എക്സി’ൽ കുറിച്ചു. “അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടും” എന്ന വാൻസിന്റെ പ്രസ്താവന മേഖലയിലെ നിലവിലെ കടുത്ത അതൃപ്തിയാണ് വെളിപ്പെടുത്തുന്നത്.
