ഇടുക്കി: ‘വെള്ളാപ്പള്ളി’ എന്ന വേതാളത്തെ ചുമന്നതിനുള്ള പ്രതിഫലമാണ് പിണറായി വിജയന് തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് എസ്എൻഡിപി മുൻ പ്രസിഡന്‍റ് സി.കെ വിദ്യാസാഗർ. ‘എസ്എൻഡിപിയെ വെള്ളാപ്പള്ളിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ സഹായിക്കും’ എന്ന് പ്രതീക്ഷിച്ചാണ് ഇടതുപക്ഷത്തോടൊപ്പം നിന്നത്. കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ അടുപ്പിക്കില്ലായിരുന്നു എന്നും വിദ്യാസാഗർ പറഞ്ഞു.
“വെള്ളാപ്പള്ളി നടേശന്റെ പിടിയിൽ നിന്ന് എസ്എൻഡിപിയെ രക്ഷിക്കാൻ സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇടതുപക്ഷത്തോടൊപ്പം നിന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ മുതുകത്ത് കയറിയ വേതാളമായി വെള്ളാപ്പള്ളി മാറുകയാണ് ചെയ്തത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ ഇത്തരത്തിൽ അടുപ്പിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ അഭാവം വെള്ളാപ്പള്ളിക്ക് കൂടുതൽ സ്വാധീനം ലഭിക്കാൻ കാരണമായെന്നും വിദ്യാസാഗർ ആരോപിച്ചു. എസ്എൻഡിപിയെ രക്ഷിക്കുമെന്ന് കരുതി എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ച താനടക്കമുള്ള സജീവ പ്രവർത്തകരെ മുഖ്യമന്ത്രിയും പാർട്ടിയും നിരാശപ്പെടുത്തി ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വെള്ളാപ്പള്ളി നടേശനുമായുള്ള സൗഹൃദം എൽഡിഎഫിന് വലിയ ശാപമായി മാറിയെന്നും അത് തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിന് കഴിയാതെ പോയെന്നും വിദ്യാസാഗർ പറഞ്ഞു.
