തൃക്കരിപ്പൂർ: കെ.സി വേണുഗോപാലിനെ പിന്തുണച്ച സന്ദീപ് വാര്യർക്ക് സമൂഹമാധ്യമങ്ങളിൽ വിമർശനം. തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉയർന്നത്. വിമർശനം ശക്തമായതോടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചു വിട്ടു. മത്സരിക്കാൻ സീറ്റ് നൽകിയ കെ.സി യോട് സന്ദീപ് വാര്യർ നന്ദി കാണിക്കുമ്പോൾ, തകർന്ന് തരിപ്പണമായ യുഡിഎഫിനെ വിജയത്തിലേക്ക് എത്തിച്ച വി.ഡി സതീശൻ എന്ന നേതാവിനോട് തങ്ങൾക്കും കടപ്പാട് ഉണ്ടെന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രവര്‍ത്തകര്‍ പറയുന്നു. ‘കെ.സിക്കെതിരെ വളഞ്ഞ വഴിയിൽ കൂടി നേതൃത്വം ഏറ്റെടുക്കാൻ നോക്കുന്നവൻ’ എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. സന്ദീപ് വാര്യർ കെ.സി പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം കടുത്തത്.
തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രവർത്തകർ പ്രതികരിച്ചത്. പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നതോടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ പിരിച്ചുവിട്ടു. സന്ദീപ് വാര്യർ മത്സരിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണെന്നും അല്ലാതെ കെ.സിയുടെ സ്ഥാനാർത്ഥിയായിട്ടല്ലെന്നും ഗ്രൂപ്പിൽ കുറിപ്പുകൾ ഉയർന്നു. ‘വിജയിച്ചതിന് ശേഷം ഗ്രൂപ്പ് കളിച്ച് അധികാരത്തിലേക്ക് എത്താൻ ഉളുപ്പില്ലേ’ എന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രൂപ്പ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം. തൃക്കരിപ്പൂരിന്റെ മണ്ണിൽ ഗ്രൂപ്പ് കളി അനുവദിക്കില്ലെന്നും സന്ദീപ് വാര്യർ വോട്ടർമാരുടെ രോഷം തിരിച്ചറിയണമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
