Your Image Description Your Image Description

ചേർത്തല: ആലപ്പുഴയിലെ ചേർത്തലയിൽ സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടുവളപ്പിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്ന വീട്ടമ്മയുടേതാണോ അസ്ഥിക്കൂടം എന്ന സംശയത്തിലാണ് പൊലീസ്. അസ്ഥിക്കൂടം ജൈനമ്മയുടേതാണോ എന്ന് മനസിലാക്കാനായുള്ള ഡി എൻ എ പരിശോധനയ്ക്കായി സഹോദരന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ഡിസംബർ 23 നാണ് ജൈനമ്മയെ കാണാതായത്. കാണാതായ ജൈനമ്മ ധ്യാന കേന്ദ്രങ്ങളിൽ പോവാറുണ്ടായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളിൽ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ നാല് ദിവസമായിട്ടും കാണാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്.

അന്വേഷണ പ്രകാരം സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റിയനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് കണക്കിലെടുത്തിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടുവളപ്പിൽ നിന്ന് അസ്ഥിക്കൂടം ലഭിച്ചത്.

2013 ൽ കാണാതായ ചേർത്തല സ്വദേശി ബിന്ദു പത്മനാഭന്റെ കേസിലും സെബാസ്റ്റ്യൻ ആരോപണ വിധേയനാണ്. ഡിഎൻഎ പരിശോധന വഴി ബിന്ദുവിന്റെയോ ജൈനമ്മയുടെയോ കേസിലെ നിർണായക വിവരം പുറത്ത് വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Related Posts