Your Image Description Your Image Description

ചെല്ലാനത്ത് ടെട്രോപോഡ് കടല്‍ ഭിത്തി നിര്‍മ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തീരദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി തീരസംരക്ഷണം പ്രധാന വിഷയമായാണ് സർക്കാർ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലെ കടലാക്രമണ ബാധിത പ്രശ്നങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

7.3 കിലോമീറ്ററിൽ ടെട്രാപോഡ് കടൽ ഭിത്തി നിർമ്മാണം ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. തുടർന്നുള്ള 3.5 കിലോമീറ്റർ കൂടി നിർമ്മിക്കുന്നതിനുള്ള തുക നിലവിൽ അനുവദിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും.
അതിരൂക്ഷമായ കടൽ ആക്രമണം നേരിടുന്ന പ്രദേശമെന്ന നിലയിൽ ഈ വിഷയം ഗൗരവപൂർണ്ണമായാണ് സർക്കാർ കാണുന്നത്. പ്രദേശത്തെ ജനങ്ങളുടെ പ്രതിഷേധം സർക്കാരിനെതിരല്ല. സർക്കാർ ചെയ്ത പ്രവൃത്തി അഭിനന്ദിക്കുന്നതോടൊപ്പം തുടർപ്രവൃർത്തികൾ ആവശ്യമാണെന്ന ബോധ്യപ്പെടുത്തലിന് വേണ്ടി നടത്തിയ ജനവികാരത്തിന്റെ ഭാഗമായാണ് അതിനെ കണ്ടതെന്നും മന്ത്രി പറഞ്ഞു.

ടെട്രോപോഡ് ഉപയോഗിച്ചുള്ള തീര സംരക്ഷണത്തിനും കടൽഭിത്തി നിർമ്മാണത്തിനും ആദ്യമായി തിരഞ്ഞെടുത്ത സ്ഥലം ചെല്ലാനമാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവും, മന്ത്രി സജി ചെറിയാനും കെ ജെ മാക്സി എംഎൽഎയും ഉൾപ്പെടെ ഈ വിഷയത്തിൽ ഒരുമിച്ച് ആലോചിച്ചാണ് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ തീരുമാനിച്ചത്.

ചെല്ലാനത്തെ കടൽഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി കഴിഞ്ഞാൽ കടൽ മികച്ച രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന പ്രദേശമായി ഇതു മാറും. പുറത്തുനിന്ന് വരുന്നവരെ വരെ ആകർഷിക്കാൻ സാധിക്കുന്ന രീതിയിൽ ടൂറിസം കേന്ദ്രമായി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്തെ കടൽത്തീരത്തെ 24 ഭാഗങ്ങളിലായി ആകെ 41 കിലോമീറ്റർ നീളത്തിൽ 24 പ്രവൃത്തികൾ നടത്തുന്നതിനായി ലോകബാങ്കിൻ്റെ സഹായത്തോടു കൂടിയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകൾ ആയ ശംഖുമുഖം 71.50 കോടി, കൊല്ലംകോട് -43.65 കോടി, ആലപ്പാട് -172.50 കോടി, കാപ്പാട് – 76.26 കോടി എന്നിവിടങ്ങളിൽ സംരക്ഷണ നടപടികൾക്കായി എൻസിസിആർ എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ട്. ഒരു പ്രദേശത്തിന്റെയും കടലാക്രമണ രീതി അനുസരിച്ച് പ്രവർത്തികൾ ഉടനെ തന്നെ ആരംഭിക്കും.

2021 ബജറ്റിൽ ആകെ 5300 കോടി യുടെ തീരസംരക്ഷണ പ്രവൃത്തികളാണ് സർക്കാർ പ്രഖ്യാപിച്ചത്. അതിൽ 1500 കോടിരൂപ കിഫ്ബിയിൽ നിന്നും ബാക്കി തുക എ.ഡി.ബി അല്ലെങ്കിൽ വേൾഡ് ബാങ്ക് എന്നിവയുടെ സഹായത്തോടെ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.
എന്നാൽ ചെല്ലാനം ആദ്യ പ്രവൃത്തിക്കു ശേഷം കിഫ്ബിയിൽ നിന്ന് പണം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടപ്പോൾ എ.ഡി.ബി മുഖാന്തിരം പ്രസ്തുത ഹോട്ട്സ്പോട്ടുകൾ ഉൾപ്പടെ കൂടുതൽ സ്ഥലങ്ങളിൽ കടൽത്തീര സംരക്ഷണ പ്രവർത്തനത്തിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എ.ഡി.ബി യിൽ നിന്ന് ഇക്കാര്യത്തിനായി ആകെ 466.67 ദശ ലക്ഷം ഡോളർ (ഏകദേശം 4013 കോടിരൂപ) യുടെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് പ്രവൃത്തികളുടെ ആകെ തുകയാണ്. ഇതിൻ്റെ 70% എ.ഡി.ബിയും, 30% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്ണമാലി സെൻ്റ് ആൻ്റണീസ് പള്ളി പരിസരത്ത് നടന്ന യോഗത്തിൽ കെ ജെ മാക്സി എംഎൽഎ, കൊച്ചി രൂപത പിആർഒ ഫാദർ ജോണി സേവിയർ പുതുക്കാട്, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റ് കെ എൽ ജോസഫ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബി അബ്ബാസ്, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ പി എസ് കോശി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts