Your Image Description Your Image Description

മുംബൈ: ഗുണ്ടാ നേതാവിന് പോലീസ് കസ്റ്റഡിയിലിരിക്കെ വാഹനത്തിൽ മട്ടൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ നടപടി. ഒരു ജയിലിൽ നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് വാഹനം വഴിയിൽ നിർത്തി ഹോട്ടലിൽ നിന്ന് മട്ടൻ ബിരിയാണി വാങ്ങി നൽകിയത്. ഗുണ്ടാ നേതാവിന്റെ കൂട്ടാളികൾ വഴിയിലുടനീളം ആഡംബര വാഹനങ്ങളിൽ അകമ്പടി പോവുകയും ചെയ്തു.

ഗജനൻ എന്ന് അറിയപ്പെടുന്ന ഗജ മർനെ എന്ന ഗുണ്ടാ നേതാവിനെയാണ് പൂനെയിലെ യെർവാദ സെൻട്രൽ ജയിലിൽ നിന്ന് സാംഗ്ലി ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടെ പോലീസുകാർ വഴിവിട്ട് സഹായിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നതോടെയാണ് പൊലീസുകാർക്കെതിരെ നടപടി വന്നത്. ഫെബ്രുവരി 19ന് ശിവ ജയന്തി ആഘോഷങ്ങൾക്കിടെ ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറെ മ‍ർദിച്ച സംഭവത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മക്കോക്ക നിയമപ്രകാരം കുറ്റം ചുമത്തി യെർവാദ ജയിലിലടച്ചു.

എന്നാൽ പിന്നീട് ജയിലിൽ പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ സാംഗ്ലിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഒരു അസിസ്റ്റന്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് കോൺസ്റ്റബിൾമാരുടെ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. പോകുന്ന വഴിക്ക് സതാറയ്ക്ക് സമീപം ഒരു ഹോട്ടലിൽ സംഘം വാഹനം നിർത്തി. ഇതോടെ പിന്നിൽ അകമ്പടിയായ വന്ന ഗുണ്ടാ നേതാവിന്റെ അനുയായികൾ വാഹനം നിർത്തി ഇയാളുടെ അടുത്തെത്തി. ഇവരുമായി സംസാരിക്കാനും പൊലീസ് അവസരം കൊടുത്തു. ഇതിന് പുറമെയാണ് ഹോട്ടലിലിൽ നിന്ന് മട്ടൻ ബിരിയാണി വാങ്ങി വാഹനത്തിൽ എത്തിച്ചു കൊടുത്തത്. രണ്ട് ഫോർച്യൂണറുകളിലും ഒരു ഥാറിലുമായാണ് ഗുണ്ടാ നേതാവിന്റെ അനുയായികളെത്തിയത്.

നടന്ന സംഭവങ്ങളെല്ലാം ഹോട്ടലിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ഇതാണ് പിന്നീട് പുറത്തുവന്നത്. വീഡിയോ പരിശോധിച്ച പൂനെ സിറ്റി പോലീസ് കമ്മീഷണർ അമിതേഷ് കുമാർ ഒരു അസിസ്റ്റന്റ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പേരെയും സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പുറമെ പൊലീസ് വാഹനത്തെ പിന്തുടരുകയും കസ്റ്റഡിയിലുള്ള ഗുണ്ടാ നേതാവിന്റെ സന്ദർശിക്കുകയും ചെയ്ത അനുയായികൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts