Your Image Description Your Image Description

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളികൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി റിപ്പോര്‍ട്ട് തള്ളിയത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തിൽ ഭരണനേതൃത്വത്തിന് എന്ത് കാര്യമെന്നാണ് കോടതി ഉത്തരവിൽ ചോദിച്ചത്. മുഖ്യമന്ത്രി വിജിലന്‍സ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയത് നിയമവിരുദ്ധമെന്ന് വിജിലൻസ് കോടതി നിരീക്ഷിച്ചു.

അജിത് കുമാറിന് അനുകൂലമായി ഭരണ നേതൃത്വത്തിന്‍റെ ഇടപെടൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അംഗീകാരമോ ഇടപെടലോ ആവശ്യമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ക്ലീൻ ചിറ്റ് റിപ്പോർട്ടിന് അംഗീകാരം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് അനധികൃത സ്വത്ത് സമ്പാദനകേസിൽ എഡിജിപി എംആർ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. പരാതിക്കാരനിൽ നിന്നും സാക്ഷികളിൽ നിന്നും 30ന് കോടതി നേരിട്ട് മൊഴിയെടുക്കും. വിജിലൻസിന്‍റെ അന്വേഷണസംവിധാനത്തെയും രാഷ്ട്രീയ ഇടപെടലിനെയും അടിമുടി വിമർശിച്ചാണ് കോടതി ക്ലീൻ ചിറ്റ് റിപ്പോർട്ട് തളളിയത്.

അജിത് കുമാറിനെതിരെ അനധികൃസ്വത്ത് സമ്പാദനത്തിൽ വിജിലൻസ് നടത്തിയത് നിയമപരമായ അന്വേഷണമല്ലെന്നാണ് ഉത്തരവ്. ക്ലീൻ ചിറ്റ് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയെന്ന വിജിലൻസ് റിപ്പോർട്ട് പരാമ‌ർശിച്ചാണ്, അന്വേഷണത്തിലെ രാഷ്ട്രീയ ഇടപെടലുകളെ കോടതി വിമർശിക്കുന്നത്. ചട്ടങ്ങളായിരിക്കണം അന്വേഷണ കണ്ടെത്തലുകൾ നിശ്ചയിക്കേണ്ടതെന്നും ഒരു ഘട്ടത്തിലും അന്വേഷണത്തിൽ ഇടപെടാൻ ഭരണനേതൃത്വത്തിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

 

 

 

Related Posts