Your Image Description Your Image Description

ന്യൂഡൽഹി: മുർഷിദാബാദ് കലാപം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് തയ്യാറാക്കുമെന്നും കേന്ദ്ര സർക്കാരിന് ഉചിതമായ ശുപാർശ നല്‍കുമെന്നും സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് അറിയിച്ചു. സംസ്ഥാന സർക്കാരിനും നിർദ്ദേശങ്ങൾ നല്‍കുമെന്നും ആനന്ദബോസ് പറഞ്ഞു. കരളലിയിക്കുന്ന സംഭവങ്ങളാണ് ക്യാമ്പിലുള്ളവർ വിവരിച്ചതെന്നും ക്യാമ്പുകളിൽ ഉള്ളവർക്ക് റെഡ്ക്രോസ് സഹായം ഏർപ്പാടാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘർഷ ബാധിത പ്രദേശമായ മാൾഡയിലെ സ്ഥിതിഗതികൾ ഗവർണർ വിലയിരുത്തി.

പശ്ചിമബംഗാൾ സർക്കാരിന്റെയും ത്രിണമൂൽ കോൺഗ്രസിന്റെയും കടുത്ത അതൃപ്തിക്കിടെയാണ് ബംഗാൾ ഗവർണർ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. മാൽഡയിലെ ക്യാമ്പുകളിൽ കഴിയുന്ന സംഘർഷബാധിതരുമായി ഗവർണർ സംസാരിച്ചു. മേഖലയിൽ സമാധാനം അനിവാര്യമാണെന്ന് ഗവർണർ പറഞ്ഞു.

സന്ദർശനം കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം താൻ അവിടെ സന്ദർശനം നടത്തുമെന്നും മമതാ ബാനർജി പറഞ്ഞു. അതേസമയം ഗവർണറുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണെന്ന് ത്രിണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ദേശീയ വനിത കമ്മീഷനും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച സംഘവും മാൾഡയിലെത്തി സംഘർഷബാധിതരെ സന്ദർശിച്ചു. ദേശിയ വനിത കമ്മീഷൻ അദ്ധ്യക്ഷ വിജയ രഹാത്കർ ക്യാമ്പുകളിലെത്തി സ്ത്രീകളുമായി സംസാരിച്ചു. മാൽഡയിലെയും മുർഷിദാബാദിലെയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

മനുഷ്യാവകാശ കമ്മീഷൻ നിയമിച്ച സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാധിൽ കേന്ദ്രസേനയുടെ കാവൽ തുടരണമെന്ന് കൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts