Your Image Description Your Image Description

എറണാകുളം: കോതമംഗലത്ത് യുവാവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ചേലാട് സ്വദേശിനിയായ അദീനയാണ് കാമുകൻ അൻസിലിനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. കളനാശിനിയായ പാരക്വറ്റ് നൽകിയാണ് കൊലപാതകം നടത്തിയത്.

ജൂലൈ 27 ന് പുലർച്ചെയാണ് അൻസിലിനെ അദീനയുടെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. അൻസിലിന് വിഷം നൽകിയെന്ന് അദീന തന്നെയാണ് അദ്ദേഹത്തിന്റെ അമ്മയെ വിളിച്ചറിയിച്ചത്. പിന്നീട് അൻസിൽ തന്നെ കോതമംഗലം പോലീസിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. പോലീസ് എത്തിയാണ് അൻസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ജൂലൈ 31 ന് രാത്രിയോടെയാണ് അൻസിൽ മരിച്ചത്.

ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ തന്റെ സുഹൃത്തിനോട് അൻസിൽ സംസാരിച്ചിരുന്നു. താനുമായി ഏറെക്കാലമായി ബന്ധത്തിലായിരുന്ന അദീന വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകി എന്നാണ് അൻസിൽ സുഹൃത്തിനോട് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പാരക്വറ്റ് എന്ന കളനാശിനിയാണ് മരണകാരണമെന്ന് കണ്ടെത്തി.

അൻസിലും അദീനയും തമ്മിലുള്ള ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം. അൻസിൽ വിവാഹിതനാണ്. ഇവർ തമ്മിലുള്ള അടുപ്പത്തിനിടെ അൻസിലിന്റെ ഭാഗത്തുനിന്ന് അദീനയ്ക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നൽകുന്ന സൂചന.

അൻസിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാതിരപ്പള്ളി ജുമാ മസ്ജിദിൽ കബറടക്കി. യുവതി കുറ്റം സമ്മതിച്ചതായും, വിഷം വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിയതായും മൊഴി നൽകിയിട്ടുണ്ട്.

Related Posts