Your Image Description Your Image Description

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍.  ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട്  വികസന പ്രവര്‍ത്തനങ്ങള്‍ക്ക്   വിനിയോഗിക്കാന്‍  കോടതിയുടെ അനുമതി വേണം.  ദേവസ്വത്തിന്റെ തനത് വികസന പ്രവര്‍ത്തനങ്ങളല്ലാതെ കിഫ്ബി ഫണ്ടില്‍ നിന്നുമുള്ള വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാനുദ്ദേശിക്കുന്നു. ഇരിപ്പിടങ്ങള്‍ ഒരുക്കിയുള്ള കൊട്ടാരക്കര ക്ഷേത്രക്കുള നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

മാസ്റ്റര്‍പ്ലാന്‍ വഴിയുള്ള വിപുലമായ പദ്ധതിയും പുരോഗതിയിലാണ്. പ്രദേശത്തെ ഗതാഗത കുരുക്കിന്  പരിഹാരമായി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ചന്തമുക്കിലെ  ഒരു ഏക്കര്‍ സ്ഥലത്ത് ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിങ് ക്രമീകരിക്കും.  500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും.   സന്ദര്‍ശകര്‍ക്ക് ക്ഷേത്രദര്‍ശനത്തോടൊപ്പം  കൊട്ടാരവും മ്യൂസിയവും സന്ദര്‍ശിക്കാനുള്ള അവസരം വിനിയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാകുന്നതോടുകൂടി ക്ഷേത്രത്തിലെ തിരക്കിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. വത്സലകുമാരി, അസിസ്റ്റന്റ് കമ്മീഷണര്‍ എം. ആര്‍ ആയില്യ പിളള, ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജയ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts