Your Image Description Your Image Description

കൊച്ചി: ഇത് റിയൽ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ചാരായം കടത്തിയെന്ന കേസ് റദ്ദാക്കി ​ഹൈക്കോടതി. 14 വർഷം നീണ്ട നിയമ പോരാട്ടമാണ് സർക്കാരിനെതിരെ ജാനകി നടത്തിയത്. ഒടുവിൽ കോഴിക്കോട് പൂളക്കോട് സ്വദേശിയായ ജാനകിക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചു.

2008ലാണ് മൂന്ന് ലിറ്റർ ചാരായം കടത്തിയെന്ന കേസിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് ജാനകിയെ പിടികൂടുന്നത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി 2011ൽ ജാനകിയെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ഒരു വർഷം തടവിനും ഒരു ലക്ഷം രൂപ പിഴക്കും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ പിന്മാറാൻ ജാനകി ഒരുക്കമല്ലായിരുന്നു. ഹൈക്കോടതിയിൽ ജാനകി അപ്പീൽ നൽകി.

അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് രണ്ടു വർഷത്തിനു ശേഷമാണെന്നും, ഇതിന് എക്സൈസ് വിശദീകരണം നൽകിയിട്ടില്ലെന്നും ജാനകി വാദിച്ചു. തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കിയ തീയതിയിലും വൈരുദ്ധ്യം ഉണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇവ കണക്കിലെടുത്താണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായത്.

തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽ ശിക്ഷാവിധി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. അതായത് ചാരായം കടത്തി എന്ന കേസിൽ ജാനകിക്കെതിരായ വിചാരണ കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒരു ലക്ഷം രൂപ പിഴ അടച്ചിട്ടുണ്ടെങ്കിൽ അത് തിരികെ നൽകാനും കോടതി ഉത്തരവിട്ടു.

Related Posts