Your Image Description Your Image Description

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തിരച്ചിൽ വൈകിച്ചതിന്റെ ഉത്തരവാദിത്വം മെഡിക്കൽ സൂപ്രണ്ട് ജയകുമാർ ഏറ്റെടുത്തു. കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് താൻ മന്ത്രിമാര്‍ക്ക് വിവരം നല്‍കിയെന്നും സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാര്‍ക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചത്,’ ആശുപത്രി സൂപ്രണ്ട് ജയകുമാര്‍ പറഞ്ഞു.

ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കുക സാധ്യമായിരുന്നില്ല. ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകള്‍ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കെട്ടിടത്തില്‍നിന്നും ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് പറയുന്നു.

അപകടത്തിന് പിന്നാലെതന്നെ, ഏകദേശം 10 മിനിറ്റിനുള്ളില്‍ രണ്ടുനിലകളിലായി ഉണ്ടായിരുന്ന നൂറോളം രോഗികളെ അവിടെനിന്നും മാറ്റാനായി എന്നും മൊത്തം 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട് എന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

‘വ്യാഴാഴ്ച പകല്‍ 10.50-നാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടം നടന്നയുടന്‍ ആശുപത്രിയിലെ അധികാരികളെല്ലാം സംഭവസ്ഥലത്തെത്തി കെട്ടിടത്തിനുള്ളില്‍ ആളുണ്ടോ എന്ന പരിശോധന ആരംഭിച്ചു. 11 മണിക്ക് തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 11.15-ഓടെയാണ് മന്ത്രി വി.എന്‍. വാസവന്‍ സ്ഭവസ്ഥലത്തെത്തിയത്. തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സ്ഥലത്തെത്തി,’ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആശുപത്രി അധികൃതര്‍ പറയുന്നു.

‘രക്ഷാപ്രവര്‍ത്തനം ആരംഭിച്ച ഉടന്‍തന്നെ മുറികളില്‍ കുടുങ്ങിയിരുന്ന രണ്ടുപേരെ കണ്ടെത്താനും പുറത്തെത്തിക്കാനും സാധിച്ചു. മരിച്ച ബിന്ദു രണ്ട് തൂണുകള്‍ക്കിടയില്‍പെട്ട സ്ഥിതിയിലായിരുന്നു. അതിനുമുകളിലായി കെട്ടിടാവശിഷ്ടങ്ങളും വീണിരുന്നു. 11.30-ഓടെ രണ്ട് ജെസിബികള്‍ സ്ഥലത്തെത്തി. ഇവ ഉപയോഗിച്ച് അവശിഷ്ടങ്ങളും തൂണുകളും മാറ്റിയപ്പോഴാണ് യുവതിയുടെ ശരീരം കണ്ടെത്തിയത്,’ അധികൃതര്‍ അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് പലതവണ പരാതികള്‍ ഉന്നയിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. 2016-ല്‍ വിവരം അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയില്‍പെടുത്തി. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, കെട്ടിടം ഉപയോഗിക്കാനാകുമോ അതോ പൊളിച്ചുകളയണമോ എന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് പരിശോധിക്കാന്‍ പറഞ്ഞിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട്.

കൃത്യമായ റിപ്പോര്‍ട്ട് ലഭിക്കാഞ്ഞതിനെതുടര്‍ന്ന് കഴിഞ്ഞ കൊല്ലം പുറത്തുള്ള ഒരു കമ്പനിയെ പരിശോധനയ്ക്കായി സമീപിച്ചു. അവരുടെ പരിശോധനയില്‍ കെട്ടിടെ പൊളിച്ചുകളയുന്നതാണ് നല്ലത് എന്ന അഭിപ്രായമാണ് ലഭിച്ചത്. സര്‍ജിക്കല്‍ ബ്ലോക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും അടങ്ങുന്ന ഈ കെട്ടിടം മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി വഴി 2018-ല്‍ 536 കോടിരൂപ അനുവദിച്ചിരുന്നു. എന്നാലും പ്രളയവും കോവിഡും കാരണമാണ് സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 2021 അവസാനത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts