Your Image Description Your Image Description

 

ആധുനിക സാങ്കേതികവിദ്യയും ബുദ്ധിയും ചേരുമ്പോൾ കൃഷിയിൽ സമൃദ്ധി ഉണ്ടാകുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവനായ നീണ്ടൂർ കൃഷിഭവൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷിഭവൻ സ്മാർട്ട് ആകുന്നതിനൊപ്പം സേവനവും കർഷകരുടെ ജീവിതവും സ്മാർട്ട് ആകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ കർഷകരുടെ ജീവിതം മെച്ചപ്പെടും.

കാർഷിക മേഖലയുടെ വികസനത്തിന് സഹകരണവകുപ്പ് മികച്ച പിന്തുണയാണ് നൽകുന്നത്. കാർഷികമേഖലയുടെ വളർച്ച അഖിലേന്ത്യാതലത്തിൽ 2.1 ശതമാനം മാത്രമായിരിക്കുമ്പോൾ കേരളത്തിൽ ഇത് 4.65 ശതമാനം ആണ്. നെല്ല് സംഭരിച്ച വകയിൽ 2024 വരെ 1109 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുണ്ടെന്നും മന്ത്രി പറഞ്ഞു.

നീണ്ടൂർ കൃഷിഭവന് സമീപമുളള ബെന്നി തോമസ് തോട്ടത്തിലിന്റെ വസതിയിൽ നടന്ന ചടങ്ങിൽ തുറമുഖം-ദേവസ്വം- സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിച്ചു. കൂടല്ലൂരിൽ സഹകരണ മേഖലയിൽ നിർമിക്കുന്ന റൈസ് മിൽ അടുത്ത വർഷം ജനുവരിയോടെ തുറക്കുന്നതോടെ സ്വകാര്യ മില്ലുടമകൾ നെൽ കർഷകരെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ കൂൺഗ്രാമ പദ്ധതി പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നടത്തി.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂർ, സവിതാ ജോമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശശി, പി.ഡി. ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, സൗമ്യ വിനീഷ്, മരിയ ഗൊരേത്തി, സിനു ജോൺ, ലൂയി മേടയിൽ, മായ ബൈജു, പുഷ്പമ്മ തോമസ്, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, ഏറ്റുമാനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ രഞ്ജി ബാബു, കൃഷി ഓഫീസർ ജോസ്നാമോൾ കുര്യൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, എൻ.എസ്. ഷാജി നന്ദിനിപുരം, വി.സി. മത്തായി, ജോസ് പാറേട്ട്, സനൽ നമ്പൂതിരി, സി.എസ്. സുരേഷ്, പി.ഡി. വിജയൻനായർ,കൈപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേന്ദ്ര ബാബു, നീണ്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജി. രാജൻ, കാർഷിക വികസന സമിതിയംഗം കെ. ആർ. സനൽ, പാടശേഖരസമിതി പ്രതിനിധി ജോബി കുര്യൻ, മുതിർന്ന കർഷക തൊഴിലാളി ചെല്ലപ്പൻ ചിറയ്ക്കൽ എന്നിവർ പങ്കെടുത്തു.

കർഷകർക്ക് ആവശ്യമായ വിത്ത് മുതൽ വിപണി വരെ ഒരേ കുടക്കീഴിൽ എന്ന ആശയത്തിലാണ് സ്മാർട്ട് കൃഷിഭവൻ പ്രവർത്തിക്കുന്നത്. കൃഷിഭവൻ നവീകരണത്തോടൊപ്പം ട്രെയിനിംഗ് ഹാൾ, പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, ഫ്രണ്ട് ഓഫീസ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Related Posts