Home » Blog » Kerala » കുടുംബത്തിൽ നിന്ന് മാറി താമസിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് മാനസിക ക്രൂരത; ദമ്പതികൾക്ക് വിവാഹമോചനം നൽകി ഹൈക്കോടതി
82965109.cms

കൊച്ചി: മതിയായ കാരണങ്ങളൊന്നുമില്ലാതെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് മാറി പ്രത്യേക താമസ സൗകര്യം വേണമെന്ന് നിർബന്ധം പിടിക്കുന്നത് മാനസിക ക്രൂരതയാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഒൻപത് വർഷത്തിലേറെയായി പിരിഞ്ഞു കഴിയുന്ന കണ്ണൂർ സ്വദേശികളായ ദമ്പതികൾക്കാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിവാഹമോചനം അനുവദിച്ചത്. കണ്ണൂർ കുടുംബകോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണായക വിധി.

 

2015-ലായിരുന്നു ഇവരുടെ വിവാഹം. ഗൾഫിൽ ജോലി ചെയ്തിരുന്ന ഭർത്താവിനൊപ്പം താമസിച്ചിരുന്ന യുവതി ഗർഭിണിയായ ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ കഴിയില്ലെന്നും രണ്ട് കിടപ്പുമുറികളുള്ള പ്രത്യേക ഫ്ലാറ്റ് നൽകിയാൽ മാത്രമേ ഗൾഫിലേക്ക് തിരികെ വരൂ എന്നും യുവതി വാശിപിടിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കൂടാതെ കുഞ്ഞിന്റെ പേരിടൽ ചടങ്ങും ചോറൂണും ഭർത്താവിനെ അറിയിക്കാതെ നടത്തുകയും ഭർത്താവുമായി സംസാരിക്കാൻ പോലും തയ്യാറാകാതിരിക്കുകയും ചെയ്തു.

 

അമ്മയുമായുള്ള ചില ചെറിയ അസ്വാരസ്യങ്ങൾ ഒഴികെ ഭർത്താവിന്റെ കുടുംബത്തിനെതിരെ മറ്റ് ഗുരുതര ആരോപണങ്ങളൊന്നും തെളിയിക്കാൻ ഭാര്യക്ക് സാധിച്ചിരുന്നില്ല. ദീർഘകാലം ഭർത്താവിൽ നിന്ന് അകന്നുനിൽക്കുകയും ഇത്തരം അനാവശ്യ നിബന്ധനകൾ മുന്നോട്ടുവെക്കുകയും ചെയ്തത് മാനസിക ക്രൂരതയാണെന്ന് വിലയിരുത്തിയാണ് കോടതി ദമ്പതികളുടെ വിവാഹമോചനം ശരിവെച്ചത്.