
“ചേട്ടാ, പട്ടി വരുന്നു… ഓടിക്കോ. . എന്ന് വിളിച്ചുപറഞ്ഞ് അനിയൻ ഓടി, പക്ഷെ പേടിച്ചിട്ട് എനിക്ക് ഒരടി പോലും അനങ്ങായില്ല… അപ്പോഴേക്കും നായ കുരച്ചുകൊണ്ട് ചാടി എന്റെ ഇടതു തുടയിൽ കടിച്ചു, ഞാൻ അലറിക്കരഞ്ഞു…” കഴിഞ്ഞ ദിവസം ചിറയിൻകീഴിൽ തെരുവുനായയുടെ ആക്രമണത്തിൽ വിരൽ നഷ്ടപ്പെട്ട ആറാം ക്ലാസുകാരന്റെ വാക്കുകളാണിത്.
“എന്റെ അലറിക്കരച്ചിൽ കേട്ട് അമ്മാവൻ അഭിലാഷ് ഓടിയെത്തി ഒരു കല്ലെടുത്ത് നായയെ എറിഞ്ഞപ്പോൾ നായ ഓടിപ്പോയി. പക്ഷെ വേദന കാരണം എനിക്ക് എഴുന്നേൽക്കാനായില്ല. അൽപദൂരം പോയ നായ വീണ്ടും എന്റെ അടുത്തേക്ക് വന്നു. ദേഹത്തേക്ക് ചാടി വീണ് എന്റെ വലതുകൈയിലെ മോതിര വിരലിൽ കടിച്ചുപറിച്ചു. വേദന സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ കൈ കുടഞ്ഞു. വിരൽ വലിച്ചെടുക്കാൻ നോക്കി. പക്ഷേ, നായ വിട്ടില്ല. ഞാൻ ഇടതു കൈകൊണ്ട് നായയെ അടിച്ചു. ഒടുവിൽ എന്റെ വിരലിന്റെ പകുതി കടിച്ചെടുത്താണ് നായ ഓടിപ്പോയത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. ഓർമ വീഴുമ്പോൾ ഞാൻ ആശുപത്രിയിലാണ്. ഇടതു തുടയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. വലതുകൈ നോക്കിയപ്പോൾ മോതിരവിരലിന്റെ പകുതി ഇല്ല…’ – ശരൺ പറയുന്നു.
എന്നാൽ, തെരുവുനായ കടിച്ചെടുത്ത ശരണിന്റെ മോതിര വിരൽ കണ്ടെത്താൻ വേണ്ടി സമീപത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ആക്രമിച്ച ശേഷം ഓടിയ നായയെയും കണ്ടെത്തിയില്ല. ശരൺ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ ഐ. രാജുവിന്റെയും എ. അഞ്ജുവിന്റെയും രണ്ടു മക്കളിൽ മൂത്തവനാണ് ശരൺ. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണു ശരൺ.
