Your Image Description Your Image Description

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയതിന് 71 വയസ്സുള്ള ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ശോഭനാഥ് രാജേശ്വര്‍ ശുക്ലയ്ക്കാണ് കിടപ്പുരോഗിയായ ഭാര്യ ശാരദയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ലഭിച്ചത്. ആസൂത്രതമായി കൃത്യം നടത്തിയ പ്രതി, ഇരയുടെ ശാരീരികാവസ്ഥപോലും പരിഗണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൊലപാതകത്തിന് ഇരയായ ശാരദയുടെ ശാരീരികാവസ്ഥ മുതലെടുത്ത പ്രതി ആസൂത്രതമായാണ് കൊലപാതകം നടത്തിയതെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി.എല്‍. ഭോസ്ലെ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പ്രതിക്ക് ശിക്ഷയില്‍ ഇളവ് കൊടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജീവപര്യന്തത്തിനൊപ്പം 50,000 രൂപ പിഴയൊടുക്കണമെന്നും വിധിയില്‍ പറയുന്നു.

2019 നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരദയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ മകന്‍ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശാരദ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് തെളിഞ്ഞതോടെ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണശേഷമാണ് ശാരദ ശോഭനാഥിനെ വിവാഹംകഴിച്ചത്. ശാരദയുടെ ആദ്യ ഭര്‍ത്താവിന്റ സ്വത്ത് വിറ്റ് ലഭിച്ച തുകകൊണ്ട് നിര്‍മ്മിച്ച കടയുടെ അവകാശം സംബന്ധിച്ച് ഇവര്‍തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ശാരദ തന്റെ ഓഹരി ആദ്യ ഭര്‍ത്താവിലുള്ള ഇളയമകന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശോഭനാഥ് ഓഹരി തന്റെ മകന് കൊടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.

2019ല്‍ ഉണ്ടായ വീഴ്ച്ചയ്ക്ക് ശേഷം കിടപ്പിലായ ശാരദ പൂര്‍ണ്ണമായും ശോഭനാഥിനെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. ശോഭനാഥ് കിടപ്പിലായ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പടുത്തിയിരുന്നതായി ശാരദയുടെ മക്കള്‍ മൊഴിനല്‍കി. ശാരദയുടെ മരണം കൊലപാതകമല്ല, ആത്മഹത്യയാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts