Home » Blog » Kerala » കാർബൺ റെസിലിയന്റായി മറയൂർ കരിമ്പ്: കർഷകർക്ക് പുതിയ പ്രതീക്ഷയാകുന്നു
images - 2026-02-25T173806.371

ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ സമാപന വേദിയിൽ അതിഥികൾക്ക് നൽകിയ ഒരു ചെറിയ സ്‌നേഹസമ്മാനം വലിയൊരു അതിജീവനത്തിന്റെ കഥയാണ് ലോകത്തോട് വിളിച്ചു പറയുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായ സമ്മേളന ഉദ്ഘാടകൻ ഡോ. കെ. രവിരാമന് ഉപഹാരമായി നൽകിയത് മറയൂരിലെ കർഷകർ സുസ്ഥിര കരിമ്പ് കൃഷിയിലൂടെ വിളയിച്ചെടുത്ത മറയൂർ ശർക്കരയായിരുന്നു. വെറുമൊരു മധുരപലഹാരത്തിനപ്പുറം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഹരിതകേരളം മിഷൻ മറയൂർ മണ്ണിൽ പരീക്ഷിച്ചു വിജയിച്ച ‘ക്ലൈമറ്റ് റസീലിയന്റ്’ കൃഷിരീതിയുടെ സാക്ഷ്യപത്രമായിരുന്നു ആ സമ്മാനം.

ഒരുകാലത്ത് ആയിരത്തോളം ഹെക്ടറിൽ സമൃദ്ധമായിരുന്ന മറയൂരിലെ കരിമ്പ് കൃഷി ഇന്ന് കേവലം മുന്നൂറ് ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, ഉൽപ്പാദനച്ചെലവിലെ വർദ്ധനവ്, രൂക്ഷമായ ജലക്ഷാമം എന്നിവ മൂലം കർഷകർ ഈ മേഖലയിൽ നിന്ന് അകന്നുപോകുമ്പോഴാണ് ഹരിതകേരളം മിഷൻ മറയൂരിൽ അവതരിപ്പിച്ച സുസ്ഥിര കരിമ്പ് കൃഷി പുതിയ പ്രതീക്ഷയായത്.

ശാസ്ത്രീയ രീതികളും പരിചരണവും വഴി വിളവ് 30 ടണ്ണിൽ നിന്ന് 60 ടണ്ണായി ഉയരുന്നതായും ഉൽപാദനച്ചെലവും അധ്വാനവും പകുതിയായി കുറഞ്ഞതായും പരീക്ഷണഘട്ടത്തിൽ തന്നെ വ്യക്തമായി. വളം, വെള്ളം, എന്നിവയുടെ ആവശ്യകത പകുതിയായി കുറഞ്ഞതും സവിശേഷത കൃഷി രീതികളും കാരണം മണ്ണിലെ കാർബൺ ശേഖരണം വർധിക്കുകയും ചെയ്യുന്നു. വിളവിന്റെ വർധന മാത്രമല്ല; കാർബൺ സംഭരണ ശേഷി കൂട്ടുന്ന കാലാവസ്ഥാ പ്രതിരോധ മാതൃക കൂടിയാണിത്.